കിമ്മുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ട്രംപ് പിന്മാറി
text_fieldsവാഷിംങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12ന് സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ച ഉച്ചകോടിയിൽ നിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻമാറി. ഉത്തരകൊറിയയുടെ പ്രസ്താവനയിലെ ‘തുറന്ന വൈരവും വിദ്വേഷവുമാണ്’ കൂടിക്കാഴ്ച റദ്ദാക്കാൻ കാരണമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിെൻറ കത്തിൽ പറഞ്ഞു.
ബദ്ധവൈരിയായ ഉത്തര കൊറിയൻ മേധാവി കിം ഉൻ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ അസാധാരണ ക്ഷണം സ്വീകരിച്ച് ട്രംപ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അതിനു തൊട്ടുമുമ്പ് വരെ ഭീഷണികളും അധിക്ഷേപങ്ങളും ചൊരിയുന്നതിൽ പരസ്പരം മത്സരിച്ച നേതാക്കളുടെ ഉച്ചകോടി ലോകം ഉറ്റുനോക്കുകയായിരുന്നു. ചരിത്രമായേക്കാവുന്ന കൂടിക്കാഴ്ചയുടെ സ്മരണക്കായി വൈറ്റ്ഹൗസ് ഒരു നാണയം പുറത്തിറക്കിയിരുന്നു. അതിനിടെയാണ് ലോകത്തെ ഞെട്ടിച്ച് ട്രംപിെൻറ പിൻമാറ്റം.
‘‘ദുഃഖത്തോടെ പറയുന്നു, താങ്കളുടെ പ്രസ്താവനയിൽ തെളിയുന്നത് ഭീതിദമായ രോഷവും, തുറന്ന ശത്രുതയും ആണ്. കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ച സ്ഥിതിക്ക് ഇതു യോജിച്ച നിലപാടല്ല’- ഉന്നിന് അയച്ച കത്തിൽ ട്രംപ് പറഞ്ഞു. ഒരു അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇനിയൊരിക്കൽ കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തുടർന്നു. ആണവ നിരായുധീകരണം സംബന്ധിച്ച് യു.എസ് നിലപാടിൽ സംശയമുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഉച്ചകോടിയിൽനിന്ന് പിൻമാറേണ്ടിവരുമെന്നും കിം ഉൻ ഭരണകൂടം ഇൗയിടെ പ്രസ്താവന നടത്തിയിരുന്നു.
വേണ്ടിവന്നാൽ അമേരിക്കക്ക് മുന്നിൽ ആണവശക്തി തെളിയിക്കാൻ മടിക്കില്ലെന്ന് വ്യാഴാഴ്ച രാവിലെയും ഉ. കൊറിയ ആവർത്തിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചു. ഉന്നിെൻറ ആണവ ഭീഷണിയെ ട്രംപ് പരിഹസിച്ചു. ‘ഞങ്ങൾ കൈവരിച്ച ആണവ ശേഷി ബൃഹത്തായതും അതിശക്തവുമാണ്. അത് ഒരിക്കലും ഉപയോഗിക്കേണ്ട സാഹചര്യം വരല്ലേ എന്നാണ് ദൈവത്തോട് പ്രാർഥിക്കുന്നത്’ -ട്രംപ ് പറഞ്ഞു.
ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ‘വിഡ്ഢിത്തം നിറഞ്ഞ’ നടപടിയുണ്ടായാൽ അതിനെ ശക്തിയുക്തം നേരിടാൻ യു.എസ് സൈന്യം സജ്ജമാണെന്ന് ട്രംപ് ഇതിനിടെ നടത്തിയ പ്രസ്താവന ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും യുദ്ധഭീതി ഉണർത്തി. അതേസമയം, ട്രംപ്-ഉൻ കൂടിക്കാഴ്ച നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.