സിറിയ: യു.എസ് സൈന്യത്തെ ഉടൻ പിൻവലിക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ആഭ്യന്തരകലാപവും വിദേശ സൈനിക ഇടപെടലുകളും ദുരന്തഭൂമിയാക്കിയ സിറിയയിൽനിന്നും തങ്ങളുടെ സൈന്യത്തെ ഉടൻ പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഒഹായോ സംസ്ഥാനത്ത് നടന്ന തൊഴിലാളി സംഘടനകളുടെ പൊതുപരിപാടിയിൽവെച്ചായിരുന്നു പ്രഖ്യാപനം.
‘‘നമ്മൾ സിറിയയിൽനിന്നും ഉടൻ പിന്മാറും. അവരുടെ കാര്യം ഇനി മറ്റുള്ളവർ നോക്കിക്കൊള്ളും’’ -ട്രംപ് പറഞ്ഞു. അതേസമയം, സിറിയയിലെ ഇറാഖ് അതിർത്തിയിൽ ഉൾപ്പെടെ, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടത്തുന്ന സൈനികനടപടി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സിറിയയിൽ വടക്കൻ മേഖലയിലാണ് യു.എസ് സൈന്യം കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ കുർദ്സേനയുടെ സഹായത്തോടെയാണ് െഎ.എസിനെതിരായ ആക്രമണങ്ങൾ നടത്തുന്നത്.
പശ്ചിമേഷ്യയിലെ സൈനികനടപടികൾക്കായി 455 ലക്ഷം കോടി രൂപ യു.എസ് ചെലവഴിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയതുക ചെലവഴിക്കുന്നുണ്ടെങ്കിലും യു.എസിന് ഒന്നും തിരിച്ചുലഭിക്കുന്നില്ലെന്ന് ഒഹായോയിലെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ, സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളൊന്നും ട്രംപ് വിശദമാക്കിയില്ല.
വിദേശരാജ്യങ്ങളിൽ വലിയതുക ചെലവഴിക്കുന്ന യു.എസിന് സ്വന്തം നാട്ടിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പണമില്ലെന്നും ഇൗ സ്ഥിതി ഇനിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, തെൻറ പദ്ധതികൾക്ക് ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ടാവുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പരിതപിച്ചു.
വടക്കൻ സിറിയയിലെ മൻബിജിൽനിന്നും സേനയെ പിൻവലിക്കുന്നതിന് തുർക്കിയുമായി യു.എസ് ധാരണയുണ്ടാക്കിയതായി കഴിഞ്ഞയാഴ്ച വാർത്തകളുണ്ടായിരുന്നു. മൻബിജിലെ നീക്കങ്ങൾ സംബന്ധിച്ച് നാറ്റോ സഖ്യകക്ഷിയായ യു.എസുമായി ധാരണയുണ്ടാക്കിയതായി തുർക്കി അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് നിഷേധിച്ചിരുന്നു. യു.എസിെൻറ സഹായികളായ കുർദ്സേന ഭീകരസംഘടനയാണെന്നാണ് തുർക്കിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.