പ്രതിഷേധക്കാർ വൈറ്റ് ഹൗസിലേക്ക്; ട്രംപിനെ ബങ്കറിലേക്ക് മാറ്റി
text_fieldsവാഷിങ്ടൺ: ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തിയതോടെ സമരക്കാരെ ഭയന്ന് അൽപനേരത്തേക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലെ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്. ദൃക്സാക്ഷിയുടെ മൊഴിയനുസരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് അമേരിക്കയിൽ ദിവസങ്ങളായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ വെള്ളിയാഴ്ച നൂറോളം വരുന്ന പ്രക്ഷോഭകർ വൈറ്റ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സീക്രറ്റ് സർവീസസും യു.എസ് പാർക് പൊലീസ് ഓഫിസർമാരും ചേർന്ന് അവരെ തടഞ്ഞെങ്കിലും ഇത്തരത്തിലുള്ള നീക്കം അപ്രതീക്ഷിതമായിരുന്നു. ട്രംപിന്‍റെ സംഘാംഗങ്ങളേയും ഈ സംഭവം അമ്പരിപ്പിച്ചു.
ഈ സമയത്താണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഏകദേശം ഒരു മണിക്കൂറോളം നിലവറയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹത്തെ മുകൾ നിലയിലേക്ക് കൊണ്ടുവന്നതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ട്രംപിനോടൊപ്പം മെലാനിയയും ബാരൺ ട്രംപും ബങ്കറിലേക്ക് മാറിയിരുന്നോ എന്ന് വ്യക്തമല്ല.
46കാരനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന്് മെയ് 25 മുതൽ ട്രംപ് ഭരണകൂടത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.