യുഗാന്ത്യം
text_fields‘‘ലാറ്റിൻ അമേരിക്കയുടെ ഒരു യുഗം അവസാനിച്ചിരിക്കുന്നു’’–ക്യൂബൻ വിപ്ലവ നക്ഷത്രം ഫിദൽ കാസ്ട്രേയുടെ വിടവാങ്ങൽ ലോകത്തെ അറിയിച്ചത് ഇൗ വാക്കുകളിലൂടെയായിരുന്നു.
കരീബിയൻ തീരങ്ങളിൽ പിറവികൊണ്ട രക്തചഛവിയാർന്ന വിപ്ലവ സ്വപ്നത്തിെൻറ നായകൻ വിടവാങ്ങി. ചുണ്ടെത്തെരിഞ്ഞുകെണ്ടിരുന്ന ഹവാന ചുരുട്ടും വിപ്ലവ ഗൗരവം ത്രസിച്ചു നിൽക്കുന്ന താടിയുമായി ലാറ്റിൻ അമേരിക്കയുടെ ചരിത്രപദങ്ങളിൽ നാലുപതിറ്റാണ്ട് നിറഞ്ഞു നിന്ന ഫിദൽ കാസ്ട്രോ ചരിത്രമായി. പത്തൊമ്പതാം നൂറ്റാണ്ടിൽ സ്പാനിഷ് നുകത്തിൽ നിന്ന് രാജ്യത്തിെൻറ മോചനം നേടുകയും ഇരുപതാം നൂറ്റാണ്ടിൽ നവ കൊളോണിയിസത്തെയും അമേരിക്കൻ സാമ്രാജ്യത്തെയും ധീരമായി അഭിമുഖീകരിച്ച വിപ്ലവ നായകനാണ് ഒാർമ്മയായത്.
1926 ആഗസ്റ്റ് 13 ക്യൂബയിലെ ഹോളോഗിൻ പ്രവിശ്യയിലെ മയാറിക്ക് സമീപം ബിറാനിലാണ് ഫിദൽ അലക്സാൻഡ്രോ കാസ്ട്രോ റുസ് ജനിച്ചത്. മാസിഡോണിയൻ യോദ്ധവിനെ പറ്റി സ്കൂൾ പാഠപുസ്തകത്തിൽ പഠിച്ചപ്പോൾ കാസ്ട്രോ കൂട്ടിച്ചേർത്തതാണ് മധ്യനാമമായ അലക്സാൻഡ്രോ. സ്പെയിനിലെ ഗാലീഷ്യയിൽ നിന്ന് കുടിയേറി പാർത്ത കരിമ്പിൻ തോട്ടമുടമ ഏയ്ഞ്ചൽ കാസ്ട്രോയുടെയും ലീന ഗൊൺസാലസിെൻറയും ഒമ്പതു മക്കളിൽ അഞ്ചാമനായിരുന്നു ഫിദൽ. 1945ൽ ഹവാനയിലെ ബെലൻജെസ്യൂട്ട് സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം. പിന്നീട് ഹവാന സർവ്വകലാശാലയിലെ ലോ സ്കൂളിൽ ചേർന്നു. സർവ്വകലാശാല കാമ്പസിൽ നിന്നാണ് കമ്മ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. ക്യൂബൻ ചരിത്രത്തിലെ പ്രക്ഷുബ്ധ കാലമായിരുന്നു അത്.
1950 ൽ വക്കീൽ കുപ്പായമണിഞ്ഞതോടെ പാവങ്ങളെ സേവിക്കുകയെന്നത് ദൗത്യമായി സ്വീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഫീസ് വാങ്ങാതെ പാവങ്ങളെ സഹായിക്കുന്ന വക്കീൽ എന്ന ഖ്യാതി നേടി. 1952 ൽ പ്രസിഡൻറ് കാർലോസ് പ്രിയോ സൊക്കറീസിെൻറ സർക്കാറിനെ ജനറൽ ഫൂൽജൻഷ്യോ ബാറ്റിസ്റ്റ സൈനിക അട്ടിമറിയിലുടെ പുറത്താക്കി. ഭരണഘടന ലംഘിച്ചതിന് സ്വേച്ഛാധിപതിയായ ബാറ്റിസ്റ്റക്കെതിരെ കാസ്ട്രോ കോടതിയെ സമീപിച്ചു. എന്നാൽ ഹരജി കോടതി തള്ളി. നിയമത്തിെൻറ വഴികളടഞ്ഞതോടെ കാസ്ട്രോയും 165 പേരും ചേർന്ന് ഒാറിയൻറ് പ്രവിശ്യയിലെ മോൺകാദ പ്രവിശ്യയിൽ ആക്രമണം നടത്തി. ക്യൂബൻ ജനകീയ വിപ്ലവത്തിെൻറ ആദ്യശംഖനാദം അതായിരുന്നു.
സാൻറിയാഗോയിലെ പട്ടാളക്കോട്ടക്ക് നേരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. പക്ഷേ പരാജയമായിരുന്നു ഫലം പകുതിയോളം പേർ കൊല്ലപ്പെട്ടു. അവശേഷിച്ചവരെയും കൊണ്ട് സാൻറിയാഗോവിലെ സീയറ മലനിരകളിലേക്ക് രക്ഷപ്പെെട്ടങിലും വൈകാതെ പിടിക്കപ്പെട്ടു. കാസ്ട്രോയും അനിയൻ റൗൾ കാസ്ട്രേയും ജയിലിലായി. 1953ൽ വിചാരണ തുടങ്ങി. ഇൗ വിചാരണക്കിടെയാണ് ‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും’ എന്ന വിഖ്യാത പ്രസംഗം ഫിദൽ കാസ്ട്രോ നടത്തിയത്. അതാണ് ക്യൂബൻ വിപളവത്തിെൻറ മാനിഫെസ്റ്റോ എന്നുപറയാം. ‘‘1957 എന്നൊരു വർഷമുണ്ടെങ്കിൽ ഒന്നുകിൽ ഞങ്ങൾ ക്യൂബയിലെ അധികാരം പിടിച്ചെടുക്കും. അല്ലെങ്കിൽ അതിനായുള്ള പോരാട്ടത്തിൽ മരിക്കും' എന്നുപറഞ്ഞാണ് ആ പ്രസംഗം കാസ്ട്രോ ഉപസംഹരിച്ചത്.
ദീർഘകാല തടവ്ശിക്ഷക്ക് വിധിക്കപ്പെട്ട അദ്ദേഹം രണ്ടു വർഷത്തിനു ശേഷം ജയിൽ മോചിതനായി. കൂട്ടുകാരോടൊപ്പം മെക്സിക്കോയിലേക്ക് പോയ അേദഹം ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുകയും ഫണ്ട് ശേഖരിക്കുകയും ചെയ്തു. ‘ഗ്രാൻമ’ എന്ന ചെറിയൊരു കപ്പൽ വിലക്കെടുത്ത് സമാനഹൃദയരായ ചെറുപ്പക്കാർെക്കാപ്പം ക്യൂബയിലെത്തി . ഇൗ സംഘത്തിൽ ഡോക്ടർ എന്ന നിലയിൽ ചെ ഗുവേരയും ഉണ്ടായിരുന്നു. എന്നാൽ ഇൗ പടയോട്ടത്തെ ബാറ്റിസ്റ്റ സൈന്യം പാടെ നശിപ്പിച്ചു. ചിതറിപ്പോയ പോരാളികൾക്കിടെയിൽ നിന്ന് 12 പേരെ സംഘടിപ്പിച്ച് കാസ്ട്രോ ഗറില്ലാ സമരമാരംഭിച്ചു.
ഗ്രാൻമ പടയോട്ടത്തിൽ നിന്നും രക്ഷപ്പെട്ട ചെ ഗുവേര, കാമിലോസിയെൻ ഫ്യൂഗോസും റൗൾ കാസ്ട്രോയും മറ്റും സമാന ഗറില്ലാ ഗ്രൂപ്പുകളെ സംഘടിപ്പിച്ചിരുന്നു. ഇൗ സൈന്യം ക്യൂബയുടെ മലമ്പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ട് മൂന്നു വർഷത്തോളം അവിടെ ഗറില്ലാ യുദ്ധ മുറകൾ പരിശീലിച്ചു. ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ പോരാടിയും രാഷ്ട്രീയ പ്രചാരണം നടത്തിയും മുന്നേറി. ‘സായുധ സമരം വിഡ്ഢിത്തമാണെന്ന്’ പറഞ്ഞ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനകളെ പോലും സ്വാധീനിക്കാൻ കാസ്ട്രോയുടെ ‘‘ജൂലൈ 26 പ്രസ്ഥാനത്തിന്’’ കഴിഞ്ഞു.
1958 ഡിസംബറിൽ കാസ്ട്രോയുടെ ആഹ്വാനമനുസരിച്ച് ക്യൂബയിലെ തൊഴിലാളി വർഗമൊന്നാകെ പണിമുടക്കി. ഒരു മാസം നീണ്ടു നിന്ന പണിമുടക്കിെൻറ അന്ത്യത്തിൽ കാസ്ട്രോവിെൻറ സൈന്യം ഹവാനയിലേക്ക് മാർച്ച് ചെയ്തു. ബാറ്റിസ്ത സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത ടാങ്കുകളുമായാണ് മുന്നേറിയത്. ബാറ്റിസ്റ്റ അമേരിക്കൻ സഹായത്തോടെ ഹവാനയിൽ നിന്ന് ഒളിച്ചോടി.
ക്യൂബയിൽ ചുവപ്പൻ പ്രഭാതമുണർന്നു. 1959 ജനുവരി ഒന്നിന് കാസ്ട്രോ അധികാരമേറ്റു. 1961 ൽ കാസ്ട്രോ ക്യൂബയെ മാർക്സിസ്റ്റ് –ലെനിനിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിച്ചു. 1961 ലെ കാർഷിക പരിഷ്കരണം, അമേരിക്കൻ വ്യോമാക്രമണം, അതിനു ശേഷമുണ്ടായ ബേ ഒാഫ് പിഗ് ആക്രമണം എന്നിവ കഴിയുന്നതു വരെ ക്യൂബയെ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി കമ്മ്യൂണിസ്റ്റ് വൻ ശക്തികൾ തന്നെ കരുതിയിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ പിന്തുണയോടെ നടത്തിയ ബേ ഒാഫ് പിഗ് ആക്രമണത്തെ ബാഹ്യശക്തികളുടെ സഹായം കൂടാതെ തോൽപ്പിക്കാൻ കഴിഞ്ഞതോടെയാണ് കാസ്ട്രോ സോവിയറ്റ് യൂനിയെൻറ ശ്രദ്ധയിൽ പെടുന്നത്. താൻ കമ്മ്യൂണിസ്റ്റ് ലോകക്രമത്തിെൻറ വക്താവാണെന്ന് കാസ്ട്രോ ആവർത്തിച്ചത് പ്രഖ്യാപിച്ചതും അക്കാലത്തു തന്നെ. തുടർന്ന് ക്യൂബയിൽ പ്രതിരോധത്തിനായി റഷ്യൻ മിസൈലുകൾ സ്ഥാപിക്കപ്പെട്ടു.
എന്നാൽ ക്യൂബൻ കമ്മ്യൂണിസം അതിെൻറ വ്യക്തിത്വവും സ്വാതന്ത്ര്യവും ഇതുവരെയും നിലനിർത്തി. കമ്മ്യൂണിസ്റ്റ് ചേരിയിലെ രാജ്യമായല്ല, ചേരിചേരാ പ്രസ്ഥാനത്തിെൻറ വക്താവായാണ് ക്യൂബ സ്വയം കണ്ടത്. റഷ്യൻ പക്ഷപാതികളായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ഒരിക്കൽ കൂടി അട്ടിമറിക്ക് ശ്രമിച്ചപ്പോൾ അട്ടിമറിക്കാരെ മുഴുവൻ അറസ്റ്റു ചെയ്യുകയും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി പുതുതായി രൂപവത്കരിക്കുകയും ചെയ്തു.
റഷ്യൻ , ചൈനീസ് കമ്മ്യൂണിസ്റ്റ് ചേരികളിൽ ക്യൂബ ചേർന്നില്ല. ഇന്ത്യയിലും മറ്റും കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിളർന്നപ്പോൾ രണ്ട് പാർട്ടികളെയും അംഗീകരിച്ചു. ലോകത്തെങ്ങും പൊരുതുന്ന സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ കലവറയില്ലാത്ത പിന്തുണ നൽകി. സാമ്രാജിത്വത്തിനെതിരായ സമരത്തിൽ മറ്റു കൊച്ചുരാഷ്ട്രങ്ങളെ സഹായിക്കുന്ന ക്യൂബ ആദർശപരമായ പരിശുദ്ധി നിലനിർത്തി. ഒരു രാഷ്ട്രമെന്ന നിലയിൽ സ്വയം പര്യാപ്തത നേടാനും ശ്രമിച്ചു. ഒാരോ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ‘‘വിപളവ മാതൃക’യായിരിക്കണമെന്നതായിരുന്നു കാസ്ട്രോയുടെ ആഹ്വാനം.
കാസ്ട്രോയുടെ ധീരമായ നേതൃത്വമാണ് ദ്വീപ് രാഷ്ട്രമായ ക്യൂബയെ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഹവാനയിലെ അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ ഒരു വലിയ സൈൻ ബോർഡുണ്ട് 'മിസ്റ്റർ യാങ്കീ ഞങ്ങൾ നിന്നെ പേടിക്കുന്നില്ല’- നിർഭയമായ നിലപാടുകളുടെ ക്യൂബയെ ലോക രാജ്യങ്ങളുടെ മുൻനിരയിൽ നിർത്തി ആ യുഗം അസ്തമിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.