വിദ്വേഷ പ്രചാരണം: സമൂഹ മാധ്യമങ്ങൾക്കെതിരെ കടുത്ത രോഷം
text_fieldsന്യൂയോർക്ക്: മിനിയപൊളിസിൽ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ച് വർണവെറിയൻമാരായ പൊലീസുകാർ കൊലപ്പെടുത്തിയതിനെ തുടർന്ന് ആരംഭിച്ച പ്രേക്ഷാഭം സൗന്ദര്യവർധക, വാണിജ്യ, വ്യവസായ, സമൂഹ മാധ്യമ മേഖലകളെയും പിടിച്ചുകുലുക്കുന്നു.ഫെയർ ആൻഡ് ലവ്ലി അടക്കം പല സ്ഥാപനങ്ങളും പേര് മാറ്റി വിപണിയിൽ പ്രതിഛായ വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമായി. വിദ്വേഷ പ്രചാരണം തടയാൻ ഫേസ്ബുക്ക് അടക്കം സമൂഹ മാധ്യമങ്ങൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെ പല കമ്പനികളും സമൂഹ മാധ്യമങ്ങളിലെ പരസ്യം പിൻവലിച്ചു. 'ലാഭത്തിനായുള്ള വിദ്വേഷം അവസാനിപ്പിക്കുക' എന്ന ഹാഷ്ടാഗിലാണ് പ്രക്ഷോഭം.
ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് ഫേസ്ബുക്കിനെയാണ്. വെള്ളിയാഴ്ച ഫേസ്ബുക്കിെൻറ ഓഹരി 8.3 ശതമാനം ഇടിയുകയും 52 ബില്ല്യൺ ഡോളറിെൻറ നഷ്ടമുണ്ടാകുകയും ചെയ്തു. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിെൻറ സ്വകാര്യ സ്വത്തിൽ മാത്രം 7.2 ബില്ല്യൺ ഡോളറിെൻറ കുറവുണ്ടായി. അതിനിടെ, ശീതള പാനീയ മേഖലയിലെ വമ്പൻമാരായ കൊക്കകോള ആഗോള തലത്തിൽ 30 ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് നിർത്തിവെച്ചു. ലോകത്തും സമൂഹ മാധ്യമങ്ങളിലും വംശീയതക്ക് ഒരു സ്ഥാനവുമില്ലെന്ന് കൊക്കേകാള ചെയർമാനും സി.ഇ.ഒയുമായ ജെയിംസ് ക്വിൻസി പറഞ്ഞു. സമൂഹ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആളുകളുടെ വംശം, വർഗം, ജന്മ ദേശം, മതപരമായ ആഭിമുഖ്യം, ജാതി, ലിംഗ വ്യക്തിത്വം, കുടിയേറ്റം തുടങ്ങിയവ ഉൾക്കൊള്ളുന്ന പരസ്യങ്ങൾ നിരോധിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വിദ്വേഷ പ്രചാരണവും തെറ്റായ വിവരങ്ങളുടെ കൈമാറലും തടയുന്നതിന് ഫേസ്ബുക്ക് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ചാണ് 'ലാഭത്തിനായുള്ള വിദ്വേഷം അവസാനിപ്പിക്കുക' കാമ്പയിൻ നടക്കുന്നത്.
കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനകം 90ലധികം കമ്പനികളാണ് സമൂഹ മാധ്യമങ്ങളിെല പരസ്യം നിർത്തിയത്.
അതേസമയം, കാമ്പയിനിനുള്ള പിന്തുണയുടെ ഭാഗമായല്ല സമൂഹ മാധ്യമങ്ങളിലെ പരസ്യം മരവിപ്പിച്ചതെന്ന് കൊക്കകോള സി.എൻ.ബി.സിയോട് വ്യക്തമാക്കി. ആവശ്യമായത്ര മാറ്റങ്ങൾ വരുത്താൻ ഫേസ്ബുക്ക് തയാറാകുന്നില്ലെന്ന് കാണിച്ചാണ് വസ്ത്ര നിർമാതാക്കളായ ലെവി സ്ട്രോസ് ആൻഡ് കമ്പനി പരസ്യം മരവിപ്പിച്ചത്. തെറ്റായ വിവരങ്ങളുടെയും വിദ്വേഷത്തിെൻറയും പ്രചാരണം അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ലെവി സ്ട്രോസ് സി.എം.ഒ ജെൻ സേ പറഞ്ഞു.
ഫേസ്ബുക്കിനുള്ളിൽ പൗരാവകാശങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, വിദ്വേഷ- തെറ്റായ പ്രചാരണങ്ങളുെട സ്വതന്ത്ര ഓഡിറ്റിങ്, വിദ്വേഷ പ്രചാരണ ഉള്ളടക്കമുള്ള പൊതു- സ്വകാര്യ ഗ്രൂപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുക, പരാതികളുടെ അവലോകനത്തിന് വിദഗ്ധ സംഘങ്ങളെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫേസ്ബുക്കിന് മുന്നിൽ പ്രക്ഷോഭകർ ഉന്നയിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ മാപ്പ് പറയുകയും ചെറിയ തിരുത്തലുകൾ ചെയ്ത് മുന്നോട്ടുപോയിരുന്ന ഫേസ്ബുക്ക് രീതി ഇനി അംഗീകരിക്കാനാകില്ലെന്നും സമൂല മാറ്റം വേണമെന്നും കാമ്പയിൻ വ്യക്തമാക്കുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ കാമ്പയിൻ ശക്തമായതോടെ ജോൺസൺ ആൻഡ് ജോൺസൺ ഫെയർനെസ് ക്രീം വിൽപന നിർത്തിവെച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ ഫെയർ ആൻഡ് ലവ്ലി പേരിൽ നിന്ന് ഫെയർ ഒഴിവാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.