അവർ അണിനിരന്നു: ട്രംപിനെതിരെ
text_fieldsന്യൂയോർക്: വെള്ള വസ്ത്രം ധരിച്ച്, മുഷ്ടി ചുരുട്ടി അവർ മുദ്രാവാക്യം വിളിച്ചു. ഒരു കുട്ടിയെയും കൂട്ടിലടക്കാൻ പാടില്ല, ഞങ്ങൾ അതനുവദിക്കില്ല. ഇനിയെന്താണ് നിങ്ങളുടെ പദ്ധതി? കോൺസൻട്രേഷൻ ക്യാമ്പ് ആണോ? പ്രക്ഷോഭകർ ആക്രോശിച്ചു. കുടുംബ ബന്ധം തകർക്കുന്ന ട്രംപ് ഭരണകൂടത്തിെൻറ വിവാദ കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധം അക്ഷരാർഥത്തിൽ യു.എസിനെ പിടിച്ചുകുലുക്കി. രാജ്യത്തുടനീളം 700ഒാളം മാർച്ചുകളാണ് സംഘടിപ്പിച്ചത്. ‘ഫാമിലീസ് ബിലോങ് ടുഗദർ’ എന്ന ഹാഷ് ടാഗിലാണ് റാലി സംഘടിപ്പിച്ചത്.
കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന ന്യൂയോർക്, ലോസ്ആഞ്ജലസ് തുടങ്ങി യാഥാസ്ഥിതിക അപ്പലാച്ചിയ, വ്യോമിങ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം പടർന്നു. ചെറുനഗരങ്ങളിൽ പോലും പ്രതിഷേധം അലയടിച്ചു. മെക്സികോയുമായി ചേർന്ന യു.എസ് അതിർത്തിയിൽ രേഖകളില്ലാതെ എത്തുന്ന കുടിയേറ്റക്കാരിൽനിന്ന് മക്കളെ വേർപെടുത്തി തടവറയിലടക്കുന്ന പരിഷ്കരണത്തിനെതിരെയാണ് ജനരോഷം ആളിക്കത്തിയത്. ആറു മുസ്ലിം രാഷ്ട്രങ്ങൾക്ക് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രവിലക്ക് സുപ്രീംകോടതി ശരിവെച്ചത് ആശങ്ക പതിന്മടങ്ങാക്കിയിട്ടുണ്ട്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അതിർത്തികൾ സുരക്ഷിതമാക്കാനെന്ന വ്യാേജന കൊണ്ടുവന്ന കുടിയേറ്റ നയമാണ് ട്രംപിെൻറ പ്രധാന തുറുപ്പുചീട്ട്.
വാഷിങ്ടണിൽ വൈറ്റ്ഹൗസിനടുത്തുള്ള ലഫായെത് ചത്വരത്തിലായിരുന്നു പ്രക്ഷോഭകർ അണിനിരന്നത്. 30,000ത്തോളം ആളുകളാണ് ഇവിടെയെത്തിയത്. മൂവ് ഒാൺ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ തുടങ്ങി ഡസനോളം സംഘങ്ങളാണ് റാലിക്ക് നേതൃത്വം നൽകിയത്.
കുടിയേറ്റ നയത്തിെൻറ ഇരകളായ 2000ത്തോളം കുട്ടികളാണ് അതിർത്തിയിൽ ഒറ്റപ്പെട്ടുപോയത്. ഇവരെ പിന്നീട് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. നടപടിക്കെതിരെ വൻ പ്രതിഷേധമുയർന്നതോടെ ട്രംപ് തെൻറ കർക്കശനയത്തിൽനിന്ന് പിൻവാങ്ങി. എന്നാൽ, ഭിന്നിച്ചുപോയവർ കൂടിച്ചേർന്നതായി റിപ്പോർട്ടില്ല. മതിയായ രേഖകളില്ലാത്ത പലരും യുദ്ധമുഖങ്ങളിൽനിന്നാണ് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി യു.എസിലെത്തിയത്. ഇവരുടെ കൂട്ടത്തിൽ ഭിന്നശേഷിക്കാരനായ മകനെ വേർെപട്ട ഇന്ത്യക്കാരിയുമുള്ളതായി പിന്നീട് കണ്ടെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശി ഭാവൽ പേട്ടൽ എന്ന 33 കാരിയെയാണ് അഞ്ചു വയസ്സുകാരനിൽനിന്ന് മാറ്റിപ്പാർപ്പിച്ചത്. അരിസോണ കോടതിയിൽ ഹാജരാക്കിയ ഭാവലിനെ പിന്നീട് 30,000 ഡോളറിെൻറ ബോണ്ടിൽ ജാമ്യത്തിൽവിട്ടു. അപൂർവമായാണ് പിടികൂടിയവർക്ക് ജാമ്യം ലഭിക്കാറുള്ളത്. 200ഒാളം ഇന്ത്യക്കാർ ജാമ്യം കിട്ടാതെ തടവറയിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വിഭജിച്ചവരെ എത്രയും പെെട്ടന്ന് കൂട്ടിച്ചേർക്കണമെന്നാണ് മാർച്ച് നടത്തിയവരുടെ പ്രധാന ആവശ്യം. പ്രതിഷേധക്കാരിൽ കുട്ടികൾ നഷ്ടപ്പെട്ട അമ്മമാരും അണിനിരന്നു. ചിലയിടങ്ങളിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസും ഇറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.