സാന്തക്ലാരയില്‍ ചെഗുവേരയുടെയും ഫിദലിന്‍െറയും ‘പുനസ്സമാഗമം’
text_fieldsഹവാന: ജീവിതത്തിലും വിപ്ളവത്തിലും ഒരേ മനസ്സോടെ ജ്വലിച്ചുനിന്ന രണ്ടു പേര്‍ മരണശേഷവും സംഗമിച്ചതുപോലെ ആയിരുന്നു ആ നിമിഷങ്ങള്‍. ഹവാനയില്‍ കടന്നുപോവുന്ന തെരുവുവീഥികള്‍ക്കിരുവശവും അണിനിരന്ന ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ഫിദലിന്‍െറ ചിതാഭസ്മം ആത്മമിത്രമായ ചെഗുവേരയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന മ്യൂസിയത്തില്‍ എത്തിയപ്പോഴായിരുന്നു അത്.
വേദനയുടെ ആ നിമിഷങ്ങളിലും ആവേശോജ്വലമായി അവിടെയുള്ള ഓരോ ക്യൂബക്കാരനും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു ‘ഞാനാണ് ഫിദല്‍’ എന്ന്. 1959ല്‍ കാസ്ട്രോയുടെ ഒളിപ്പോരാളികള്‍ ബാറ്റിസ്റ്റയെ അധികാരത്തില്‍നിന്നും തൂത്തെറിഞ്ഞ് വിജയശ്രീലാളിതരായി കടന്നുവന്ന കാലത്തെ, വാഹനവ്യൂഹത്തിലെ പ്രത്യേക സംഘം പുനരാവിഷ്കരിച്ചപ്പോഴായിരുന്നു അത്.
കണ്ണാടിക്കൂട്ടില്‍വെച്ച പതാകയില്‍ പൊതിഞ്ഞ ചിതാഭസ്മ കലശം പേറിയ പച്ചനിറത്തിലുള്ള സൈനിക വാഹനം ബുധനാഴ്ചയാണ് നാലു ദിവസത്തെ പര്യടനം തുടങ്ങിയത്. കഴിഞ്ഞദിവസം പാതിരാത്രിയോടെയാണ് വാഹനം സാന്തക്ളാരയില്‍ എത്തിയത്. ‘അതൊരു ചരിത്ര പുനസ്സമാഗമം ആയിരുന്നു. ക്യൂബയുടെയും മാനവകുലത്തിന്‍െറ തന്നെയും ചരിത്രം തന്നെ മാറ്റിക്കുറിച്ച രണ്ടു പേരുടെ കൂടിച്ചേരല്‍’ - ആ നിമിഷത്തെ വിശേഷിപ്പിക്കാനാവാതെ 33കാരനായ അഗ്നിയര്‍ സാഞ്ചെസ് പറഞ്ഞുനിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.