കാപിറ്റോളിൽനിന്ന് വംശീയ ചിഹ്നങ്ങൾ മാറ്റണം –നാൻസി പെലോസി
text_fieldsവാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസ് ആസ്ഥാനമായ കാപിറ്റോൾ മന്ദിരത്തിൽനിന്ന് വംശവെറി ചിഹ്നങ്ങൾ മാറ്റണമെന്ന് പ്രതിനിധി സഭ സ്പീക്കർ നാൻസ് പെലോസി ആവശ്യപ്പെട്ടു. അടിമത്തത്തേയും വംശീയതയേയും അനുകൂലിച്ച, അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്തെ 11 കോൺഫഡറേറ്റ് നേതാക്കളുടേയും സൈനികരുടേയും പ്രതിമകൾ കാപിറ്റോളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവർ സെനറ്റ് പാനലിന് കത്തയച്ചു. ഈ പ്രതിമകൾ പൈതൃകത്തിനല്ല, വെറുപ്പിനാണ് ആദരവ് അർപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.
ജോർജ് ഫ്ലോയ്ഡിെൻറ കൊലപാതകത്തെ തുടർന്ന് തെരുവിലിറങ്ങിയ പ്രക്ഷോഭകർ, വംശവെറിയന്മാരുടെ പ്രതിമകൾക്കെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പെലോസിയുടെ പ്രസ്താവന. വിർജീനിയയിലെ റിച്ച്മൗണ്ടിൽ കോൺഫഡറേറ്റ് പ്രസിഡൻറ് ജെഫേഴ്സൺ ഡേവിസിെൻറ പ്രതിമയും പോർട്ട്സ്മൗത്തിൽ നാലു കോൺഫഡറേറ്റ് നേതാക്കളുടെ പ്രതിമകളും തകർത്തിട്ടുണ്ട്. വെള്ളക്കാരുടെ അമേരിക്കൻ അധിനിവേശത്തിന് തുടക്കമിട്ട ഇറ്റാലിയൻ നാവികൻ ക്രിസ്റ്റഫർ കൊളംബസിെൻറ പ്രതിമ മിനിസോടയിലെ സെൻറ് പോളിൽ തകർത്തു. ബോസ്റ്റൺ, മസാചുസറ്റ്സ്, മിയാമി, ഫ്ലോറിഡ എന്നിവിടങ്ങളിൽ കൊളംബസിെൻറ പ്രതിമകൾക്ക് കേടുവരുത്തിയിട്ടുണ്ട്.
അതേസമയം, കോൺഫഡറേറ്റ് നേതാക്കളുടെ പേരുകളിലുള്ള സൈനിക താവളങ്ങൾ പുനർനാമകരണം ചെയ്യില്ലെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പേരുമാറ്റത്തിന് അനുകൂലമായി യു.എസ് കോൺഗ്രസ് പ്രമേയം പാസാക്കിയാൽ ട്രംപ് അതിൽ ഒപ്പുവെക്കില്ലെന്ന് പ്രസ് സെക്രട്ടറി കൈലി മെക്കന്നി പറഞ്ഞു.
താവളങ്ങളുടെ പേരുമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് ഒരുക്കമാണെന്ന് പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ, സൈനിക സെക്രട്ടറി റയാൻ മക്കാർത്തി എന്നിവർ സൂചിപ്പിച്ചിരുന്നു. യു.എസ് നേവിയും മറൈൻ കോർപ്സും തങ്ങളുടെ സ്ഥാപനങ്ങളിൽ കോൺഫഡറേറ്റ് സേന പതാക ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
വംശീയ കാർട്ടൂൺ: പത്ര ഉടമകൾ രാജിവെച്ചു
കറുത്തവരെ ആക്ഷേപിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് കുടുംബ ഉടമസ്ഥതയിലുള്ള പത്രത്തിൽനിന്ന് സഹോദരിമാർ രാജിവെച്ചു. മിസൂറിയിലെ ‘വാഷിങ്ടൺ മിസൂറിയൻ’ പത്രത്തിെൻറ സഹ ഉടമകളായ സൂസൻ മില്ലർ, ജിയന്നി മില്ലർ വൂഡ് എന്നിവരാണ് രാജിവെച്ചത്. വായനക്കാരോട് മാപ്പു പറഞ്ഞ ഇരുവരും, പബ്ലിഷറായ പിതാവാണ് കാർട്ടൂൺ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം എടുത്തതെന്നും ഈ വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും പറഞ്ഞു. വെള്ളക്കാരിയെ കറുത്തവർഗക്കാരനായ ഒരാൾ പോക്കറ്റടിക്കുന്നതാണ് കാർട്ടൂൺ.
ബഫലോ പൊലീസിൽ മാറ്റം
പ്രതിഷേധക്കാർക്കുനേരെ മോശമായി പെരുമാറിയതിനെ തുടർന്ന് ന്യൂയോർക് പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ബഫലോയിൽ പൊലീസ് സേനയിൽ മാറ്റം. പ്രതിഷേധക്കാരെ നേരിട്ട എമർജൻസി റെസ്പോൺസ് ടീമിനെ (ഇ.ആർ.ടി) മാറ്റി പൊതുസുരക്ഷ യൂനിറ്റിനെ നിയമിച്ചു.
75കാരനായ പ്രക്ഷോഭകൻ വീണ് തലപൊട്ടിയതിനെ തുടർന്ന് രണ്ട് ഇ.ആർ.ടി അംഗങ്ങളെ അറസ്റ്റ് ചെയ്ത പശ്ചാതലത്തിലാണ് നടപടിയെന്ന് മേയർ ബൈറൺ ബ്രൗൺ പറഞ്ഞു. അതിനിടെ, പൊലീസ് സേനയിലെ പരിഷ്കരണം സംബന്ധിച്ച നിർദേശങ്ങൾ അവസാനഘട്ടത്തിലാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കൈലി മെക്കന്നി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.