പൊലീസ് വേണ്ടെന്ന് മിനിയപൊളിസ് കൗൺസിൽ അംഗങ്ങൾ
text_fieldsവാഷിങ്ടൺ: കറുത്ത വംശജനായ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തുടരുന്നതിനിടെ, പ്രദേശത്തെ പൊലീസ് വകുപ്പ് പിരിച്ചുവിടണമെന്ന് ഫ്ലോയ്ഡ് കൊല്ലപ്പെട്ട മിനിയപൊളിസിലെ സിറ്റി കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. 13 അംഗ കൗൺസിലിൽ ഒമ്പതുപേരും പൊലീസ് വേണ്ടെന്ന അഭിപ്രായത്തെ പിന്തുണച്ചു.
ഞായറാഴ്ച ഉച്ചക്കുശേഷം നഗരത്തിലെ പാർക്കിൽ ആക്ടിവിസ്റ്റുകൾ നടത്തിയ റാലിയിൽ ഒമ്പതു കൗൺസിലർമാർ പങ്കെടുക്കുകയും ഇപ്പോഴുള്ള പൊലീസ് സംവിധാനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. പൊലീസ് വകുപ്പ് പിരിച്ചുവിടുമെന്ന് കൗൺസിൽ അംഗമായ ജെറെമിയ എല്ലിസൺ പറഞ്ഞു.
നിയമസംരക്ഷകർ വംശീയവാദികളായെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ശ്രദ്ധേയമായ നിലപാട്. പൊതുസുരക്ഷക്ക് പുതിയ സംവിധാനം വേണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
പൊലീസ് വേണ്ടെന്ന അഭിപ്രായം ഇവിടെ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. നിർണായകമായ തീരുമാനമാണ് കൗൺസിൽ അംഗങ്ങളുടേതെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു. അംഗങ്ങൾ തീരുമാനിച്ചെങ്കിലും എന്താണ് പൊലീസിന് ബദൽ എന്ന കാര്യത്തിൽ തീരുമാനമാകാനും പുതിയ സംവിധാനം രൂപപ്പെടാനും സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
പൊലീസ് വകുപ്പ് മൊത്തം പിരിച്ചുവിടുന്നത് യു.എസിൽ ആദ്യത്തെ സംഭവമല്ല. 2012ൽ ന്യൂജഴ്സിയിലെ കാംഡെനിൽ കുറ്റകൃത്യങ്ങൾ വലിയതോതിൽ വർധിച്ചപ്പോൾ നഗര കൗൺസിൽ പൊലീസ് വകുപ്പ് പിരിച്ചുവിട്ട് പുതിയ സംവിധാനത്തിന് രൂപംനൽകിയിരുന്നു. കോംപ്ടൺ, കാലിഫോർണിയ എന്നീ സ്ഥലങ്ങളിലും നേരേത്ത സമാന തീരുമാനമെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.