കോവിഡ് രോഗികൾ കൂടി; ബ്രസീൽ നഗരത്തിലെ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ
text_fieldsറിയോ ഡി ജനീറോ: ബ്രസീലിൽ കോവിഡ് 19 കേസുകൾ ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സാവോ പോളോയിലെ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ. നഗരത്തിെൻറ മേയറാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സാവോ പോളോയിലെ ആശുപത്രികളെല്ലാം 90 ശതമാനം നിറഞ്ഞതായും രണ്ടാഴ്ചക്കുള്ളിൽ നഗരത്തിലെ എല്ലാ ആശുപത്രികളും നിറഞ്ഞ് കവിയുമെന്നും മേയർ ബ്രൂണോ കോവസ് പറഞ്ഞു.
രോഗികളെ കിടത്താൻ കിടക്കകളോ ചികിത്സിക്കാനുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും വരും ദിവസങ്ങളിൽ അത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അലംഭാവം കാട്ടുന്ന സർക്കാർ ജനങ്ങളുടെ ജീവൻ വച്ചാണ് കളിക്കുന്നതെന്നും ബ്രൂണോ ചൂണ്ടിക്കാട്ടി.
നഗരത്തിലെ ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട മേയർ ലോക്ഡൗൺ ഏർപ്പെടുത്താൻ വേണ്ടി സാവോ പോളോ ഗവർണറുമായി ചർച്ചയിലാണെന്നും അറിയിച്ചു. രണ്ട് മാസം മുമ്പ് നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ജനങ്ങൾ അതെല്ലാം കാറ്റിൽ പറത്തി പതിവുപോലെ പുറത്തിറങ്ങുകയും മാസ്ക് പോലും ധരിക്കാതിരിക്കുകയും ചെയ്തിരുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ബ്രസിലിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ ഒന്നായ സാവോ പോളോയിൽ 3,000 ത്തോളം പേർ ഇതേവരെ മരിച്ചു.
കോവിഡ് കേസുകളിൽ സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളെ ബ്രസീൽ ശനിയാഴ്ച മറികടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,972 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗികളുടെ എണ്ണം 2,44,052 ആയി ഉയർന്നു. 83 പേർക്ക് ഇന്ന് രാജ്യത്ത് വൈറസ് മൂലം ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരണം 16,201 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.