Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകറുത്തവനെയും...

കറുത്തവനെയും മനുഷ്യനായി കാണൂ; പ്രക്ഷോഭം ജ്വലിക്കുന്ന അമേരിക്കൻ തെരുവുകൾ പറയുന്നു VIDEO

text_fields
bookmark_border
കറുത്തവനെയും മനുഷ്യനായി കാണൂ; പ്രക്ഷോഭം ജ്വലിക്കുന്ന അമേരിക്കൻ തെരുവുകൾ പറയുന്നു VIDEO
cancel

നിക്ക് ശ്വാസംമുട്ടുന്നു -ജോർജ് ഫ്ലോയ്ഡിന്‍റെ അവസാന വാക്കുകൾ അമേരിക്കൻ തെരുവുകളിൽ മുഴങ്ങുകയാണ്. വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാൽമുട്ടിനടിയിൽ അഞ്ച് മിനിറ്റോളം ശ്വാസംകിട്ടാതെ പിടഞ്ഞ് മരിച്ച ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രോ-അമേരിക്കൻ വംശജന്‍റെ അവസാന രോദനം നഗരങ്ങളിൽ പ്രതിഷേധജ്വാല തീർക്കുകയാണ്. ആയിരങ്ങളാണ് പ്രക്ഷോഭം തുടരുന്നത്. കറുത്തവർഗക്കാർക്ക് നേരെ അമേരിക്കയിൽ നിരന്തരം അരങ്ങേറുന്ന അതിക്രമങ്ങളുടെ ഏറ്റവുമൊടുവിലത്തെ രക്തസാക്ഷിയാണ് ജോർജ് ഫ്ലോയ്ഡ് എന്ന 46കാരൻ. 

ഫ്ലോയിഡിന്‍റെ മരണത്തിന് ഉത്തരവാദികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. അറസ്റ്റ് ചെയ്തിട്ടുമില്ല. ഫ്ലോയ്ഡിന്‍റെ കൊലപാതകം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷിക്കുകയാണ്. എന്നാൽ, കറുത്തവർഗക്കാരൻ രണ്ടാംകിട പൗരനായി മാത്രം കണക്കാക്കപ്പെടുന്ന അമേരിക്കൻ വംശീയതയുടെ അധികാര കേന്ദ്രങ്ങൾക്ക് നിരപരാധിയായ ഒരു മനുഷ്യന്‍റെ ഞെട്ടിക്കുന്ന കൊലപാതകം കൈകഴുകിയെടുക്കാവുന്നത്ര നിസാരം മാത്രം. 

46കാരനായ ഫ്ലോയിഡ് മിനിയപൊളിസിലെ ഒരു റസ്റ്ററന്‍റിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ട്രക്ക് ഡ്രൈവറായും ജോലിയെടുക്കാറുണ്ട്. 22ഉം ആറും വയസുള്ള രണ്ട് പെൺമക്കളുടെ പിതാവു കൂടിയാണ്. ആരെയും ദ്രോഹിക്കാൻ ഇഷ്ടമില്ലാത്ത ഫ്ലോയിഡിന് ശത്രുക്കൾ പോലുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. 

വാഹനത്തിൽ കള്ളപ്പണ ഇടപാട് നടത്തുന്നെന്ന് ആരോപിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. നഗരമധ്യത്തിൽ വിലങ്ങണിയിച്ച് നടത്തിയ ഫ്ലോയിഡിനെ പൊലീസുകാർ നിലത്ത് വീഴ്ത്തി. ഒരാൾ കാൽമുട്ട് കഴുത്തിൽ ശക്തിയായി അമർത്തുകയും ചെയ്തു. തനിക്ക് ശ്വാസംമുട്ടുന്നതായും ദയവ് ചെയ്ത് കാലെടുക്കൂവെന്നും അദ്ദേഹം കരഞ്ഞുപറഞ്ഞിട്ടും വെള്ളക്കാരനായ ഉദ്യോഗസ്ഥൻ കേട്ടില്ല. മിനിറ്റുകളോളം കാൽമുട്ട് കഴുത്തിൽ അമർത്തി. ഫ്ലോയിഡിന്‍റെയോ ചുറ്റുമുണ്ടായിരുന്നവരുടെയോ അഭ്യർഥന പൊലീസ് ചെവികൊണ്ടില്ല. ഒന്നുപിടയാൻ പോലും സാധിക്കാതെ ഫ്ലോയിഡിന്‍റെ ശരീരം നിശ്ചലമായപ്പോഴാണ് പൊലീസുകാരൻ കഴുത്തിൽനിന്ന് കാൽമുട്ട് എടുക്കുന്നത്. 

ഫ്ലോയിഡിന്‍റെ കൊലപാതകം ദൃക്സാക്ഷികൾ കാമറയിൽ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിച്ചതോടെ ആയിരങ്ങളാണ് പ്രതിഷേധവുമായിറങ്ങിയത്. ഫ്ലോയിഡ് പൊലീസുകാരെ കായികമായി നേരിട്ടെന്നാണ് മിനെപോളിസ് പൊലീസ് പറഞ്ഞത്. എന്നാൽ, ഫ്ലോയിഡ് പൊലീസിനെ നേരിട്ടില്ലെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. പ്രക്ഷോഭം ശക്തമായതോടെ കൊലപാതകത്തിൽ ഉൾപ്പെട്ട നാല് ഉദ്യോഗസ്ഥരെ പൊലീസ് വകുപ്പ് പിരിച്ചുവിട്ടു. പൊലീസുകാരുടെ യൂനിഫോമിൽ കാമറകൾ ഉണ്ടായിരുന്നെങ്കിലും ഇതിലെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഫ്ലോയിഡിനെ കൊലചെയ്ത പൊലീസുകാരെ അറസ്റ്റ് ചെയ്ത് കുറ്റംചുമത്തി ശിക്ഷ നൽകണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. ഫ്ലോയിഡിന്‍റെ സഹോദരൻ ഫിലനീസ് ഫ്ലോയിഡ് കൊലപാതകികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 

വർണവെറിയുടെ പ്രത്യക്ഷഫലമായ നിഷ്ഠൂരമായ കൊലപാതകത്തിൽ നിരവധി പ്രമുഖരാണ് പ്രതിഷേധമുയർത്തിയത്. മിനെപൊളിസ് മേയർ ജേക്കബ് ഫെറി പൊലീസിനെ തള്ളി രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ കറുത്തവനാകുക എന്നത് കൊല്ലപ്പെടാനുള്ള കാരണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

വാഷിങ്ടൺ പോസ്റ്റിന്‍റെ കണക്ക് പ്രകാരം 1004 പേരാണ് 2019ൽ പൊലീസിനാൽ കൊല്ലപ്പെട്ടത്. ഇതിൽ അധികവും ആഫ്രോ-അമേരിക്കൻ വംശജരാണ്. അമേരിക്കയിൽ കറുത്തവർഗക്കാരൻ പൊലീസിനാൽ കൊല്ലപ്പെടാനുള്ള സാധ്യത വെളുത്തവരെക്കാൾ ഒമ്പതിരട്ടി കൂടുതലാണെന്ന് ഗാർഡിയൻ 2015ൽ നടത്തിയ സർവേയിൽ ചൂണ്ടിക്കാട്ടുന്നു.

ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയവർ കറുത്ത വർഗക്കാരനെ മനുഷ്യനായി പരിഗണിക്കുന്ന ഒരു ദിവസത്തിന് വേണ്ടികൂടിയാണ് ശബ്ദമുയർത്തുന്നത്. എനിക്കൊരു സ്വപ്നമുണ്ട് -കറുത്തവന്‍റെ വിമോചനം സ്വപ്നം കണ്ട് 57 വർഷങ്ങൾക്ക് മുമ്പ് വാഷിങ്ടണിൽ മാർട്ടിൻ ലൂഥർ കിങ് നടത്തിയ പ്രംസംഗം എല്ലാക്കാലവും പ്രസക്തമാകുന്നു. വംശീയതയുടെ കാൽമുട്ടുകൾക്കടിയിൽ ഞെരിഞ്ഞമരുന്ന കറുത്തവന്‍റെ പ്രതിഷേധം അമേരിക്കൻ നഗരങ്ങളെ പ്രകമ്പനം കൊള്ളിക്കുകയാണ്. അവർ വിളിച്ചുപറയുന്നു. I can't breathe... 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUS policeus protestGeorge Floydgeorge floyd killing
News Summary - huge protest in us cities after george floyds killing
Next Story