യു.എസിൽ നാശം വിതക്കാൻ ‘ഹാർവെ’
text_fieldsവാഷിങ്ടൺ: ഗൾഫ് ഓഫ് മെക്സികോ ദ്വീപിനെ തകർത്തെറിഞ്ഞ് ഹാർവെ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. മണിക്കൂറിൽ 201 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് യു.എസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. 12 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. വെള്ളിയാഴ്ച രാത്രി വൈകി ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച പുലർച്ചെയോടെ നാശം വിതക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ടെക്സസിെൻറ ഭാഗങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. കാറ്റിെൻറ ശക്തിയിൽ തിരമാലകൾ 12 അടിവരെ ഉയർന്നേക്കാം. ലൂയീസിയാനയിലും കനത്ത മഴക്ക് സാധ്യതയുണ്ട്. വടക്കൻ മെക്സികോയിലും ലൂയീസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ടെക്സസ് തീരത്തുള്ള സ്കൂളുകള്‍ക്ക് അവധി നൽകുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു.
തീരപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന എണ്ണക്കമ്പനികള്‍ അടച്ചു. ഇവിടങ്ങളിലെ ജോലിക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിയിട്ടുണ്ട്. കാറ്റഗറി മൂന്നിൽ ഉൾപ്പെട്ട ചുഴലിക്കാറ്റാണ് ഹാർവെയെന്ന് യു.എസ് നാഷനൽ ഹുരിക്കെയ്ൻ സെൻറർ അറിയിച്ചു. ലൂയീസിയാനയും ടെക്സസും ദുരന്ത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കാറ്റിെൻറ വേഗത കുറഞ്ഞതിനുശേഷം ടെക്സസ് ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കരുതുന്നത്.
ചുഴലിക്കാറ്റ് വീശിയതിനെ തുടർന്നുള്ള സ്ഥിതിഗതികളെക്കുറിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വിശദീകരിച്ചുകൊടുത്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യു.എസിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഹ്യൂസ്റ്റണിൽ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.