മൈക്കിൾ ചുഴലിക്കാറ്റ്; യു.എസിൽ മരണം 11 ആയി
text_fieldsവാഷിങ്ടൺ: യു.എസ് സംസ്ഥാനങ്ങളായ വിർജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളിൽ ആഞ്ഞുവീശിയ മൈക്കിൾ ചുഴലിക്കാറ്റിൽ മരണസംഖ്യ കൂടുന്നു. വെള്ളിയാഴ്ച അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 11ആയി ഉയർന്നു. ആയിരക്കണക്കിന് വീടുകളെയും സ്ഥാപനങ്ങളെയും കൊടുങ്കാറ്റ് പൂർണമായി നശിപ്പിച്ചതായി ഫ്ലോറിഡ ഗവർണർ റിക്ക് സ്കോട്ട് പറഞ്ഞു.
ഫ്ലോറിഡയുടെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലാണ് കാറ്റ് കാര്യമായി നാശംവിതച്ചത്. ഇവിടെ കാറ്റിന് മണിക്കൂറിൽ 250 കി.മീറ്റർ വേഗതയുണ്ടായെന്ന് സ്ഥിരീകരിച്ചു. മരിച്ചവരിൽ ആറുപേർ ഫ്ലോറിഡയിൽ നിന്നാണ്.
അമേരിക്ക കണ്ട മൂന്നാമത്തെ ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തത്തെ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും നേരത്തേ ഒരുക്കിയതിനാലാണ് മരണസംഖ്യ കുറക്കാനായത്. മിക്ക കടൽത്തീര നഗരങ്ങളും വെള്ളംകയറിയും മരങ്ങൾ വീണും സ്തംഭിച്ചിരിക്കയാണ്.
ബുധനാഴ്ച രാത്രിമുതലാണ് കാറ്റ് ആഞ്ഞടിച്ചത്. ഫ്ലോറിഡ, അലബാമ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ മിക്കയിടത്തും വൈദ്യുതി തകരാറിലാണ്. 3,70,000 പേരെയാണ് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചവരാണ് ദുരന്തത്തിൽപെട്ടവരിൽ അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.