കാർബൺ പ്രസരണം റെക്കോഡിലേക്ക്; പട്ടികയിൽ ഇന്ത്യക്ക് നാലാമത്
text_fieldsവാഷിങ്ടൺ: ഇൗ വർഷം ആഗോളതലത്തിൽ കാർബൺ പുറന്തള്ളുന്നതിൽ ഗണ്യമായ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഏഴു വർഷത്തേതിൽനിന്ന് വർധിച്ച തോതിലേക്കാണ് ആഗോളതാപനം മുന്നോട്ടുപോകുന്നതെന്ന് ബുധനാഴ്ച പുറത്തുവന്ന മൂന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. 2017-18 കാലത്ത് കാർബൺഡൈ ഒാക്സൈഡിെൻറ പ്രസരണം 2.7 ശതമാനം വർധിച്ചിട്ടുണ്ട്. ഇൗ വർഷം മാത്രം 37.1 ശതകോടി ടൺ കാർബൺ മോണോക്സൈഡ് ആഗോളതലത്തിൽ പുറന്തള്ളിയെന്നും ഒരു പഠനം വ്യക്തമാക്കുന്നു.
പട്ടികയിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. ആഗോളതലത്തിൽ കാർബൺ ഡൈ ഒാക്സൈഡിെൻറ 27 ശതമാനവും പുറത്തുവിടുന്നത് ചൈനയാണ്. 15 ശതമാനവുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനമുള്ള യൂറോപ്യൻ യൂനിയെൻറ തൊട്ടുപിറകിലാണ് ഇന്ത്യ; ഏഴു ശതമാനം.
ഇൗ നാല് രാഷ്ട്രങ്ങൾ ചേർന്ന് 58 ശതമാനം കാർബൺ ഡൈ ഒാക്സൈഡാണ് പുറത്തുവിടുന്നത്. മറ്റു മുഴുവൻ രാജ്യങ്ങളുടെയും പങ്ക് വെറും 41 ശതമാനം. വളരെ അപകടകരമായ അവസ്ഥയിലാണ് ആഗോള സാഹചര്യമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് നിരീക്ഷിക്കുന്ന ക്ലൈമറ്റ് ഇൻററാക്ടിവ് എന്ന സംഘടനയുടെ കോഡയറക്ടർ ആൻഡ്രൂ ജോൺസ് പറഞ്ഞു.
അടിയന്തരമായ ഇടപെടലുണ്ടായില്ലെങ്കിൽ പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ നേടാൻ കഴിയില്ലെന്നും ജോൺസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷത്തിനിടെ ആഗോളാടിസ്ഥാനത്തിൽ കാർബൺ പ്രസരണം 55 ശതമാനം വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.