ഇന്ത്യ-റഷ്യ ആയുധ ഇടപാട്: ഉപരോധമോ ഇളവോ എന്ന് വ്യക്തമാക്കാതെ യു.എസ്
text_fieldsവാഷിങ്ടൺ: റഷ്യയുമായി വൻ ആയുധ ഇടപാടിൽ ഒപ്പുവെച്ചതോടെ ഉപരോധ ഭീഷണിയിലായ ഇന്ത്യയോടുള്ള നിലപാട് വ്യക്തമാക്കാതെ യു.എസ്. റഷ്യയുമായി ആയുധ കരാറിലേർപ്പെടുന്നവർക്കെതിരെ സ്വീകരിക്കുന്ന കൗണ്ടറിങ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാങ്ഷൻസ് ആക്ട് (സി.എ.എ.ടി.എസ്.എ) ഉപരോധത്തിെൻറ നിഴലിലാണ് ഇന്ത്യയെങ്കിലും ഇക്കാര്യം പരിശോധിച്ച് പ്രസിഡൻറിന് ഉപദേശം നൽകേണ്ട യു.എസ് വിദേശകാര്യ വകുപ്പ് ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉപരോധം വേണോ ഇളവ് വേണോ എന്ന കാര്യത്തിൽ വിദേശകാര്യ വകുപ്പാണ് പ്രസിഡൻറിന് ഉപദേശം നൽകുക. അതേസമയം, ഉപരോധ ഇളവ് ലഭിക്കുകയും എളുപ്പമല്ലെന്ന സൂചനയാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് നൽകിയത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് റഷ്യൻ സൈനിക-പ്രതിരോധ ഉപകരണങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാനാണ് ആയുധ ഇടപാട് നടത്തുന്ന രാജ്യങ്ങളുടെ ഉപരോധത്തിൽ ഇളവ് നൽകുന്ന രീതി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷികളുടെ സൈനിക താൽപര്യങ്ങൾ നശിപ്പിക്കുകയെന്ന ലക്ഷ്യമല്ല റഷ്യക്കെതിരായ ഉപരോധ നീക്കത്തിന് പിന്നിലുള്ളത്. റഷ്യൻ ആയുധങ്ങൾ മാറ്റാനുള്ള അവസരവും മുമ്പ് വാങ്ങിയ ആയുധങ്ങൾക്ക് സ്പെയർ പാർട്സ് ലഭ്യമാക്കാനുള്ള സാഹചര്യവും ഒരുക്കുക എന്നതാണ് ഇതുവഴി ഉദ്ദേശിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിെൻറ പേരിൽ അമേരിക്ക കഴിഞ്ഞമാസം ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇൗ വിഷയത്തിൽ അമേരിക്കയുടെ നിലപാടാണ് ഇതിലൂടെ വ്യക്തമാക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അതുകൊണ്ട്, ഇളവുകൾ അനുവദിക്കാൻ വലിയ കടമ്പകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, പുതിയ ഇന്ത്യ-റഷ്യ കരാറിെൻറ പേരിൽ ഇന്ത്യക്കുമേൽ യു.എസ് ഉപരോധം വരുമെന്ന് കരുതുന്നില്ലെന്ന് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം പ്രസിഡൻറ് മുകേഷ് അഖി പറഞ്ഞു.
ആണവശക്തികൾക്കിടയിലാണ് ഇന്ത്യ നിലനിൽക്കുന്നത്. ഇക്കാര്യം ഇന്ത്യയുടെ സുഹൃത്തുക്കൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.