‘ഇന്ത്യയുടെ യു.എസ് അടുപ്പം ചൈനയെ പ്രകോപിപ്പിച്ചു’
text_fieldsവാഷിങ്ടൺ: ലഡാക്ക് അതിർത്തി പ്രശ്നം ഉൾപ്പെടെ വിഷയങ്ങളിൽ അയൽ രാജ്യത്തിനെതിരെ വിദേശ നയം കടുപ്പിക്കാൻ ഷി ജിങ്പിങ് സർക്കാറിനെ പ്രേരിപ്പിച്ചത് യു.എസുമായി ഇന്ത്യ കൂടുതൽ അടുത്തതാണെന്ന് അമേരിക്കൻ കോൺഗ്രസ് കമീഷൻ റിപ്പോർട്ട്.
2012 ൽ ഷി ജിങ്പിങ് അധികാരമേറിയതു മുതലാണ് ഇന്ത്യയുമായി ബന്ധത്തിൽ വിള്ളൽ വീണുതുടങ്ങിയത്. അതിനു ശേഷം അതിർത്തിയിൽ സംഘർഷങ്ങൾ കൂടി. ഷി ജിങ്പിങ്ങും നരേന്ദ്ര മോദിയും പലവട്ടം കാണുകയും ഇരുരാജ്യങ്ങളിലേക്കും സന്ദർശനം നടക്കുകയും ചെയ്തിട്ടും നയതന്ത്രം കടുപ്പമേറിയതാകുകയായിരുന്നു കമീഷനിലെ വിദേശകാര്യ വിദഗ്ധൻ വിൽ ഗ്രീൻ തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യു.എസിനു പുറമെ സഖ്യകക്ഷികളുമായും ഇന്ത്യ കൂടുതൽ അടുക്കുന്നത് ചൈന ഭയക്കുന്നുണ്ട്. മുന്നറിയിപ്പെന്നോണമാണ് ഏറ്റവുമൊടുവിലെ അതിർത്തി സംഘർഷത്തിന് ചൈന തുടക്കമിട്ടത്.50കളിലും 60കളിലും ശത്രുതയുടെ ഭാവമുണ്ടായിരുന്ന ബന്ധം പിന്നീട് ഊഷ്മളമായിരുന്നു. 1987ൽ വീണ്ടും അതിർത്തിയെ ചൊല്ലി സംഘർഷമുണ്ടായി. 2019ഓടെ തർക്കം ഒരിക്കൽകൂടി സജീവമായതാണ് ജൂൺ 15ന് 20 ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചതും ഇരുവശത്തും സൈനിക സന്നാഹത്തിന് കളമൊരുക്കിയതും. അതിർത്തി കടന്ന് ആധിപത്യമുറപ്പിക്കുകയെന്ന ഷി സർക്കാറിെൻറ വിദേശ നയത്തിെൻറ തുടർച്ചയാണ് ഏറ്റവുമൊടുവിലെ സംഘർഷം.
തായ്വാനിലും ദക്ഷിണ ചൈന കടലിലുമുൾപ്പെടെ ഇന്തോ- പസഫിക് മേഖലയിൽ പിടിമുറുക്കുകയാണ് ലക്ഷ്യം. ദക്ഷിണ- കിഴക്കൻ ചൈന കടലുകളിലെ നിരവധി കൊച്ചുദ്വീപുകൾ ഇതിെൻറ ഭാഗമായി ചൈന ആയുധവത്കരിച്ചിട്ടുണ്ട്. മേഖലയിൽ വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളുമായി ചൈനക്ക് അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ലഡാക്കിൽ ഗൽവാൻ താഴ്വരയിൽ സംഘർഷമുണ്ടാകുന്നതിന് ആഴ്ചകൾ മുമ്പ് യുദ്ധം വഴി സ്ഥിരത കൈവരിക്കാൻ രാജ്യം ശ്രമിക്കണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.