ട്രംപ് തുടക്കമിട്ടത് വ്യാപാരയുദ്ധത്തിന്; തിരിച്ചടിച്ച് അയൽരാജ്യങ്ങളും യൂറോപ്പും
text_fieldsലണ്ടൻ: യു.എസിലെത്തുന്ന ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് കനത്ത നികുതി ചുമത്തി ട്രംപ് തുടക്കമിട്ട പുതിയ വ്യാപാരയുദ്ധത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകാനുറച്ച് അയൽരാജ്യങ്ങളും യൂറോപ്പും. യു.എസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ പുതുതായി നികുതി ചുമത്താൻ ഉദ്ദേശിക്കുന്ന 10 പേജ് ദൈർഘ്യമുള്ള പട്ടിക യൂറോപ്യൻ യൂനിയൻ ഇന്നലെ പുറത്തിറക്കി. ലോക വ്യാപാര സംഘടനയിൽ വിഷയം ഉന്നയിച്ച് അമേരിക്കയെ ഒറ്റപ്പെടുത്തുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.
യു.എസ് വൻതോതിൽ വിവിധ ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നായ കാനഡ ഏറ്റവും കടുത്ത നികുതിനിർദേശങ്ങളുമായാണ് ട്രംപിനെതിരെ പ്രതികരിച്ചത്. 1280 കോടി ഡോളർ മൂല്യമുള്ള പുതിയ നികുതിനിർദേശങ്ങൾ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിൽനിന്നുള്ള എല്ലാ ഉരുക്ക് ഉൽപന്നങ്ങൾക്കും 25 ശതമാനവും മറ്റുള്ളവക്ക് 10 ശതമാനവും നികുതിയാണ് ചുമത്തുക. ഭക്ഷ്യ ഉൽപന്നങ്ങളായ തൈര്, സോയ സോസ്, സ്ട്രോബറി ജാം, പിസ, വിസ്കി, ഒാറഞ്ച് ജ്യൂസ്, സൂപ്പുകൾ, കുപ്പിവെള്ളം തുടങ്ങി ടോയ്ലറ്റ് പേപ്പർ വരെ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്നെങ്കിൽ ജൂലൈ ഒന്നുമുതൽ അധിക നികുതി ഒടുക്കേണ്ടിവരും. ധനവകുപ്പാണ് ദീർഘ പട്ടിക പുറത്തുവിട്ടത്. യൂറോപ്പിലേക്ക് അമേരിക്കയിൽനിന്നുള്ള ഒട്ടുമിക്ക ഉൽപന്നങ്ങൾക്കും ഇനി കനത്ത നികുതി ഒടുക്കേണ്ടിവരും. ജീൻസ്, ടീഷർട്ട്, പുകയില, കാർഷിക ഉൽപന്നങ്ങൾ, ഉരുക്ക്, മറ്റു വ്യവസായിക ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, മോേട്ടാർ ബൈക്കുകൾ, ആഡംബര ബോട്ടുകൾ തുടങ്ങി കയറ്റുമതി ഏറെ നടക്കുന്ന ഉൽപന്നങ്ങളൊക്കെയും നികുതിവലയിൽ പെടുത്തിയിട്ടുണ്ട്.
യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് കഴിഞ്ഞ ദിവസം നികുതി ചുമത്തിയ രാജ്യങ്ങളിലൊന്നായ മെക്സികോയും സമാനമായി നിരവധി വസ്തുക്കൾക്ക് പുതുതായി നികുതി ചുമത്തിയിട്ടുണ്ട്. ഉരുക്ക്, പന്നിയിറച്ചി, പഴങ്ങൾ, പാൽക്കട്ടി, വിളക്കുകൾ തുടങ്ങിയവ അതിൽപെടും. അമേരിക്കൻ ഉരുക്ക് ഉൽപന്നങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് മെക്സികോ. 750 കോടി ഡോളർ മൂല്യമുള്ള യു.എസ് ഉൽപന്നങ്ങൾക്കു മേൽ പുതിയ നികുതി ചുമത്താൻ യൂറോപ്പ് ഒരുങ്ങുന്നതായി യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ േക്ലാഡ് ജങ്കർ പറഞ്ഞു. േലാക വ്യാപാര സംഘടനക്ക് പരാതി നൽകുന്നതിനു പുറമെ പുതിയ ഉൽപന്നങ്ങൾക്കുമേൽ നികുതി ചുമത്തി സമ്മർദം ചെലുത്തുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരേത്ത, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ട്രംപിനെ ഫോണിൽ വിളിച്ച് കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. ഇത് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ, കാനഡ, മെക്സികോ എന്നിവയുടെ പ്രതിനിധികളുമായി ചർച്ചക്കു ശേഷം വ്യാഴാഴ്ചയാണ് യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പുതിയ നികുതി പ്രഖ്യാപിച്ചത്. ചൈന അമേരിക്കൻ വിപണി വിഴുങ്ങുന്നുവെന്ന ആശങ്കയിൽനിന്നാണ് വിദേശ ഉൽപന്നങ്ങൾക്ക് നികുതിനിർദേശത്തിലേക്ക് ട്രംപ് ഭരണകൂടത്തെ എത്തിച്ചതെങ്കിലും മറ്റു രാജ്യങ്ങളാണ് കൂടുതലായി അനുഭവിക്കേണ്ടിവരുകയെന്ന വൈരുധ്യമുണ്ട്. ഇതിലേറെയും വർഷങ്ങളായി അമേരിക്കയുമായി ഉറ്റ സൗഹൃദം തുടരുന്ന നാറ്റോ സഖ്യരാജ്യങ്ങളും.
വിദേശരാജ്യങ്ങളിലെന്നേപാലെ ആഭ്യന്തരതലത്തിലും ട്രംപിനെതിരെ പടയൊരുക്കം ശക്തമാണ്. സ്വന്തം കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികളും യു.എസ് ചേംബർ ഒാഫ് കോമേഴ്സും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 26 ലക്ഷം ജോലികളാണ് ട്രംപിെൻറ നീക്കം അപകടത്തിലാക്കുന്നതെന്ന് ചേംബർ ഒാഫ് കോമേഴ്സ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.