ഇറാൻ ആണവ കരാർ: ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യു.എസിൽ
text_fieldsവാഷിങ്ടൺ: ഇറാൻ ആണവ കരാറിൽനിന്ന് പിന്മാറാൻ ഒരുങ്ങുന്ന യു.എസ് സർക്കാറിനെ മെരുക്കാൻ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ വാഷിങ്ടണിൽ. മേയ് 12നകം വിഷയത്തിൽ തീരുമാനത്തിലെത്തേണ്ട സാഹചര്യത്തിലാണ് ബ്രിട്ടെൻറ നീക്കം. ആണവ കരാറിൽനിന്ന് പിൻവാങ്ങുന്നത് അബദ്ധമാകുമെന്നും നിലപാടിൽനിന്ന് പിന്മാറണമെന്നും ബോറിസ് പ്രസിഡൻറ് ട്രംപിനോട് അഭ്യർഥിച്ചിട്ടുണ്ട്.
കരാറിൽനിന്ന് പിൻവാങ്ങുന്നത് ഇറാന് മാത്രമാണ് ഗുണംചെയ്യുകയെന്നും ‘ന്യൂയോർക് ടൈംസ്’ പത്രത്തിൽ അദ്ദേഹം എഴുതി. കരാറിന് ദൗർബല്യങ്ങളുണ്ടെന്ന് സമ്മതിക്കുന്നതായും എന്നാൽ അത് പരിഹരിക്കാനാകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണിൽ വൈസ് പ്രസിഡൻറ് മൈക് പെൻസ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾടൺ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ കരാർ നിലനിർത്താൻ ശക്തമായ ശ്രമം നടത്തുന്നുണ്ടെങ്കിലും യു.എസ് ഭരണകൂടം നിലപാടിൽ മാറ്റംവരുത്തിയിട്ടില്ല. ബറാക് ഒബാമ യു.എസ് പ്രസിഡൻറായിരിക്കെ ഇറാനുമായി പടിഞ്ഞാറൻ രാജ്യങ്ങൾ ഒപ്പുവെച്ച കരാറാണിത്. ഇറാൻ ആണവപദ്ധതികൾ നിയന്ത്രിക്കുകയും പകരം സാമ്പത്തികരംഗത്തെ ഉപരോധത്തിൽ അയവുവരുത്തുകയും ചെയ്യണമെന്നതാണ് പ്രധാന ഉടമ്പടി. എന്നാൽ, ട്രംപ് കരാർ അമേരിക്കക്ക് നഷ്ടമാണെന്ന വാദമാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.