ഇറാനെതിരെ വിശാല സഖ്യനീക്കവുമായി അമേരിക്ക
text_fieldsവാഷിങ്ടൺ: ആണവ കരാറിൽനിന്ന് പിൻവാങ്ങിയതിനു പിന്നാലെ ഇറാനെതിരെ വിശാല സഖ്യനീക്കവുമായി അമേരിക്ക. ഇറാൻ ഭരണകൂടത്തിെൻറ പ്രവർത്തനം അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായി യു.എസ് വിദേശകാര്യ വകുപ്പുതന്നെയാണ് വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച വിശദമായ പദ്ധതി തിങ്കളാഴ്ച പുതിയ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തെൻറ ആദ്യ നയവിശദീകരണ പ്രസംഗത്തിൽ അവതരിപ്പിക്കുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ഹീതർ ന്യൂവർട്ട് അറിയിച്ചു. ‘ഇറാനെതിരെ വിശാലമായ സഖ്യം രൂപപ്പെടുത്താനാണ് യു.എസ് ശ്രമം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളെ ഒരുമിച്ച് ഇറാനെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിക്കണം. മേഖലക്ക് മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയായ ഇറാൻ ഭരണകൂടത്തിെൻറ പ്രവർത്തനങ്ങളെ അങ്ങനെ അസ്ഥിരപ്പെടുത്താനാവണം’ -ന്യൂവർട്ട് പറഞ്ഞു.
അമേരിക്കയുടെ നീക്കം ഇറാൻ ജനങ്ങൾക്കെതിരല്ലെന്നും ഭരണകൂടത്തിെൻറ മോശം പ്രവർത്തനങ്ങൾക്കെതിരെ മാത്രമാണെന്നും അവകാശപ്പെട്ട ന്യൂവർട്ട് സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രൂപപ്പെടുത്തിയതുപോലുള്ള സഖ്യമാണ് ഇറാനെതിരെയും ലക്ഷ്യമിടുന്നതെന്ന് കൂട്ടിച്ചേർത്തു. എന്നാൽ, ഇൗ സഖ്യത്തിന് െഎ.എസിനെതിരെയുള്ളതുപോലെ സൈനിക നടപടിക്കുള്ള വിങ്ങുണ്ടാവുമോ എന്ന കാര്യം ന്യൂവർട്ട് വെളിപ്പെടുത്തിയില്ല.
ഇറാനുമായി അഞ്ച് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഒപ്പുവെച്ച ആണവ കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങാനുണ്ടായ കാരണങ്ങളെക്കുറിച്ച് 200ഒാളം വിദേശ നയതന്ത്ര പ്രതിനിധികൾക്ക് വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരിച്ചുകൊടുത്തതായി ന്യൂവർട്ട് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ട്രംപ് ഭരണകൂടം കരാറിൽനിന്ന് പിൻവാങ്ങിയത്. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ ആണവ കരാറിൽനിന്ന് പിന്മാറുമെന്ന് ഡോണൾഡ് ട്രംപ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഇറാെൻറ ആണവ പദ്ധതികൾക്കും മിസൈൽ പദ്ധതികൾക്കുമെതിരെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമാണെന്നും പശ്ചിമേഷ്യയിലാകെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇറാനാണെന്നും വ്യക്തമാക്കിയാണ് അമേരിക്ക കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയത്.
കരാറിലെ മറ്റു രാജ്യങ്ങളായ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ചൈന, റഷ്യ എന്നിവ അമേരിക്കയുടെ പിന്മാറ്റത്തെ വിമർശിക്കുകയും തങ്ങൾ കരാറിൽ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കരാറിൽനിന്ന് പിന്മാറിയ അമേരിക്ക ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുന്നതിനെ ചെറുക്കാനാവശ്യമായ ശ്രമം നടത്തുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂനിയൻ അറിയിച്ചിരുന്നു.
അതേസമയം, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ ഇറാനെതിരായ വിശാല സഖ്യത്തിെൻറ ഭാഗമാകുമോ എന്ന ചോദ്യത്തിന് അമേരിക്കയുടെ എല്ലാ സുഹൃദ് രാജ്യങ്ങളും കാര്യങ്ങൾ പൂർണമായി മനസ്സിലാക്കുന്നവരും ഇറാൻ ഭരണകൂടത്തിെൻറ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാത്തവരുമാണെന്നായിരുന്നു ന്യൂവർട്ടിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.