ബഗ്ദാദ് എംബസി ആക്രമണം: പശ്ചിമേഷ്യയിലേക്ക് കൂടുതൽ സേനയെ അയക്കുമെന്ന് യു.എസ്
text_fieldsബഗ്ദാദ്: ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘത്തിെൻറ കേന്ദ്രങ്ങളിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് എംബസിക്കു മുന്നിൽ നടക്കുന്ന പ്രതിഷേധം രണ്ടാം ദിനം പിന്നിട്ടു. ചൊവ്വാഴ്ച എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ കൂടുതൽ സൈന്യത്തെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇറാൻ പിന്തുണയുള്ള സായുധ വിഭാഗമായ ഹശദ് അൽശാബി അംഗങ്ങളും അനുകൂലികളുമാണ് യു.എസ് എംബസിക്ക് മുന്നിൽ പ്രക്ഷോഭം നടത്തുന്നത്.
ചൊവ്വാഴ്ചത്തെ അക്രമാസക്തമായ സമരത്തിന് ശേഷം രാത്രിയിലും ഒട്ടേറെ പേർ എംബസിക്ക് പുറത്ത് നിലയുറപ്പിച്ചു. ബുധനാഴ്ച എംബസിയുടെ സ്വീകരണ മുറിയുടെ മേൽക്കൂരയിലേക്ക് തീയെറിഞ്ഞു. എംബസിയുടെ രണ്ടാം ഗേറ്റിലും തീബോംബെറിഞ്ഞു. പ്രക്ഷോഭകർക്കു നേരെ രണ്ടാം ദിനവും കണ്ണീർ വാതകം പ്രയോഗിച്ച യു.എസ് സൈനികർ എംബസി പ്രധാന കെട്ടിടത്തിെൻറ മേൽക്കൂരയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
അതിനിടെ, ഇറാഖ് സർക്കാറിെൻറ അഭ്യർഥനമാനിച്ച് എംബസി കോമ്പൗണ്ടിൽനിന്ന് പിന്മാറണമെന്ന് അനുയായികളോട് ഹശദ് അൽശാബി വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇതേതുടർന്ന് സമരക്കാരിൽ ചിലർ പിൻവാങ്ങിയെങ്കിലും മറ്റുള്ളവർ തമ്പ് കെട്ടി എംബസിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. സമരം തുടരുമെന്ന് ഹശദ് അൽശാബി സഖ്യത്തിലുള്ള കതാഇബ് ഹിസ്ബുല്ല സമാന്തര സേനയുടെ വക്താവ് മുഹമ്മദ് മുഹൈഹ് പറഞ്ഞു.
പുതിയ പശ്ചാത്തലത്തിൽ 750 സൈനികരെക്കൂടി അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ അറിയിച്ചു. 82ാമത് എയർബോണി വിഭാഗത്തിലെ സൈനികരെയാണ് അയക്കുക.
അക്രമത്തിന് ഉത്തരവാദി ഇറാൻ –ട്രംപ്
വാഷിങ്ടൺ: ബഗ്ദാദ് യു.എസ് എംബസിയിലെ അക്രമങ്ങൾക്ക് ഇറാൻ ഉത്തരവാദിയെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജീവാപായത്തിനും നാശനഷ്ടങ്ങൾക്കും അവർ പൂർണ ഉത്തരവാദികളായിരിക്കും. അവരിതിന് വലിയ വിലനൽകേണ്ടി വരും. ഇതൊരു മുന്നറിയിപ്പല്ല, ഭീഷണിയാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, മേഖലയിൽ യുദ്ധസാധ്യത അദ്ദേഹം തള്ളി. യുദ്ധമെന്നത് ഇറാന് ഗുണകരമാവില്ലെന്നും താൻ സമാധാനം ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എംബസി ആക്രമണത്തിന് പിന്നിൽ ഭീകരരാണെന്ന് യു.എസ് വിദേശ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
അബു മഹ്ദി അൽ മുഹന്ദിസ്, ഖൈസ് അൽ ഗസ്സാലി, ഹാദി അൽ അംരി, ഫാലിഹ് അൽ ഫയ്യാദ് എന്നിവരാണ് ഇതിന് പിറകിലെന്നും പോംപിയോ പറഞ്ഞു.
വ്യോമാക്രമണം അപലപനീയം –ഖാംനഇ
തെഹ്റാൻ: ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങളിലെ യു.എസ് വ്യോമാക്രമണത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അപലപിച്ചു. വ്യോമാക്രമണം നടന്ന ശേഷം ഇതാദ്യമായാണ് ഖാംനഇ പ്രതികരിക്കുന്നത്. ഇറാൻ സർക്കാറും ജനതയും ആക്രമണത്തെ അപലപിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.