ഇർമ ഭീതിയിൽ പ്രാർഥനയോടെ യു.എസ്
text_fieldsന്യൂയോർക്: കരീബിയൻ ദ്വീപുകളിൽ നാശംവിതച്ച ഇർമ ചുഴലിക്കാറ്റ് യു.എസ് തീരത്തെത്തിയതോടെ രാജ്യം പ്രാർഥനാനിർഭരം. തെക്കുകിഴക്കൻ മേഖലകളിൽ താണ്ഡവമാടിയ കാറ്റ് ഞായറാഴ്ച പുലർച്ചയോടെയാണ് യു.എസിലെ ഫ്ലോറിഡ തൊട്ടത്. മണിക്കൂറിൽ 209 കി.മീ വേഗത്തിൽ വീശുന്ന കാറ്റിൽ കടലിലെ തിരമാലകൾ 17അടിയോളം ഉയർന്നു. ദുരന്ത സാധ്യത കണക്കിലെടുത്ത് ഫ്ലോറിഡയിൽ നിന്ന് 70ലക്ഷം പേരെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസത്തിനായി സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്. 7400 ഒാളം സൈനികരാണ് രംഗത്തുള്ളത്. ഇവരുടെ സഹായത്തിന് 140 വിമാനങ്ങളും 650 ട്രക്കുകളും 150 ബോട്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് പെൻറഗൺ അറിയിച്ചു. ‘‘ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ടെങ്കിൽ ഒരുനിമിഷം പോലും പാഴാക്കാതെ അത് അനുസരിക്കുക’’-ഫ്ലോറിഡ ഗവർണർ റിക് സ്കോട് അന്ത്യശാസനം നൽകി. കരീബിയൻ ദ്വീപരാജ്യങ്ങളിൽ നിന്ന് ക്യൂബൻതീരത്തേക്കു കടന്ന ഇർമ കാറ്റഗറി അഞ്ചിൽ നിന്ന് മൂന്നിലേക്ക് ശക്തി കുറഞ്ഞിരുന്നു. എന്നാൽ, തെക്കൻ ഫ്ലോറിഡയിലേക്ക് കടന്നതോടെ കാറ്റിെൻറ തീവ്രത വീണ്ടും വർധിച്ചു. ചുഴലിക്കാറ്റിനു പിന്നാലെ കനത്തമഴക്കും വെള്ളപ്പൊക്കത്തിനും തിരിമാലകൾ നാലരയടി പൊക്കത്തിൽ ഉയരാനും സാധ്യതയുണ്ടെന്ന ്കാലാവസ്ഥ നിരീക്ഷകസംഘം മുന്നറിയിപ്പു നൽകിയിരുന്നു.
1,70,000 ആളുകൾ ഭവനരഹിതരായി. അത്രതന്നെ ആളുകൾ വൈദ്യുതി ബന്ധമില്ലാതെ കഷ്ടപ്പെടുകയാണ്. മിയാമിയിൽ നിന്ന് ആറുലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതോടെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിയവർ മറ്റുള്ളവർക്കായി പ്രാർഥനകളിൽ മുഴുകി. മാരകസംഹാരശേഷിയുള്ള കാറ്റാണിതെന്നും ജാഗ്രത പാലിക്കണമെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ മുന്നറിയിപ്പുനൽകിയിരുന്നു. ഫ്ലോറിഡ, ജോർജിയ, സൗത് കരോലൈന, പ്യുർടോറികോ എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യു.എസ് ഹാർവി ചുഴലിക്കാറ്റിൽ നിന്നുണ്ടായ നാശനഷ്ടത്തിൽ നിന്ന് കരകയറും മുേമ്പയാണ് വീണ്ടും ആഘാതം. ഫ്ലോറിഡയിൽ 50,000 ആളുകളെ വീതം 300 കേന്ദ്രങ്ങളിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. കാറ്റുംവെളിച്ചവും കടക്കാത്ത ഇടുങ്ങിയ മുറികളിൽ പ്രാർഥനാനിരതരായി കഴിയുകയാണ് ആളുകൾ. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ഫ്ലോറിഡ സാക്ഷ്യംവഹിച്ചതെന്ന് യു.എസ് നാഷനൽ ഹരിക്കെയ്ൻ സെൻറർ അറിയിച്ചു. ജീവന് ഭീഷണിയുയർത്തി നദികൾ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. കെട്ടിടങ്ങളുടെ തകർച്ചക്ക് അത് വഴിയൊരുക്കുമെന്ന് ഭീതിയുണ്ട്. തെക്കുപടിഞ്ഞാറൻമേഖലയിൽ കടൽ നാലരമീറ്ററോളം ഉയരാൻ സാധ്യതയുണ്ട്.
ഇന്ത്യക്കാരുൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളെ ഭീതിയിലാഴ്ത്തിയാണ് ഇർമ ഫ്ലോറിഡയിലെത്തിയത്. 1,20,000 ഇന്തോ-അമേരിക്കൻ വംശജരുണ്ട് ഫ്ലോറിഡയിൽ. ഇവരിൽ ആയിരക്കണക്കിനുപേർ മിയാമിയിലെ അപകടമേഖലയായ താംപയിലും ഫോർട് ലോറയിലുമാണ്. ആളുകൾ ഒഴിഞ്ഞുപോയതോടെ മിയാമിയും താംപയും പ്രേതനഗരങ്ങളെപോലെയാണ് തോന്നിക്കുന്നത്. യു.എസിെൻറ ഏഴു കിലോമീറ്റർ പരിധിയിൽ ഇർമ നാശം വിതക്കുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാരുടെ സഹായത്തിനായി എംബസിയുടെ കീഴിൽ പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. ഇവർക്കായി കൂടുതൽ അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. യു.എസിലെ ഇന്ത്യൻ അംബാസഡർ നവ്തേജ് സർന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കരീബിയൻ ദ്വീപസമൂഹമായ സെൻറ് മാർട്ടിനിൽ നിന്ന് 60 ഇന്ത്യക്കാരെ ഒഴിപ്പിച്ചു.
ചെറിയ കാലയളവിൽ യു.എസിൽ തങ്ങാനെത്തിയ ഇവരെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ചുഴലിക്കാറ്റിൽ കരീബിയൻ ദ്വീപിൽ 25 പേർ മരിച്ച വിവരമേ പുറത്തുവന്നിട്ടുള്ളൂ. യു.എസ് തീരത്ത് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ക്യൂബയിൽ മണിക്കൂറിൽ 200കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിനൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.