ദ്വിരാഷ്ട്ര വിരുദ്ധ നിലപാട്: ഒറ്റ വാചകത്തിലൂടെ നയതന്ത്ര കീഴ്വഴക്കം അട്ടിമറിച്ച് ട്രംപ്
text_fieldsവാഷിങ്ടണ്‍: ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്‍ കക്ഷിയും സംവത്സരങ്ങളായി പിന്തുടര്‍ന്നുവന്ന നയതന്ത്ര പാരമ്പര്യത്തെ ഒറ്റവാക്യംകൊണ്ട് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അട്ടിമറിച്ചതായി നിരീക്ഷകര്‍. ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുല തള്ളിപ്പറഞ്ഞുകൊണ്ട് ഏകപക്ഷീയമായി ഫലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിച്ച ട്രംപിന്‍െറ പരാമര്‍ശങ്ങള്‍ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളുടെ കടയ്ക്കല്‍ കത്തിയാഴ്ത്തുംവിധം പ്രത്യാഘാതജനകമാണെന്നും രാഷ്ട്രീയ വിശാരദന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ രാഷ്ട്രത്തിന് സമാന്തരമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനും രൂപംനല്‍കുക എന്ന ദ്വിരാഷ്ട്ര ഫോര്‍മുല ദശകങ്ങളായി ഇസ്രായേലി അധിനിവേശത്തിന്‍െറ ഭാരംപേറുന്ന ഫലസ്തീന്‍ ജനതക്ക് വിമോചനപാത സമ്മാനിക്കാന്‍ വിഭാവന ചെയ്യുന്നതായിരുന്നു. ഐക്യരാഷ്ട്രസഭ, അറബ്ലീഗ്, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ അന്താരാഷ്ട്ര വേദികളും കഴിഞ്ഞദിവസം വരെ അമേരിക്കയും പിന്തുണനല്‍കിയിരുന്ന പരിഹാരപദ്ധതി കൂടിയാണ് ദ്വിരാഷ്ട്ര ഫോര്‍മുല.
മധ്യപൗരസ്ത്യദേശത്തെ സ്ഥിതിഗതികളെ സംബന്ധിച്ചും അരനൂറ്റാണ്ടായി ഇസ്രായേല്‍ തുടരുന്ന അധിനിവേശ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുമുള്ള അജ്ഞതയാണ് ട്രംപിന്‍െറ പരാമര്‍ശങ്ങളില്‍ നിഴലിക്കുന്നത്.
അമേരിക്കയില്‍ ഇസ്രായേലിനുവേണ്ടി ലോബിയിങ് നടത്തുന്ന എ.ഐ.പി.എ.സിയുടെ നിലപാടുമായിപ്പോലും പൊരുത്തപ്പെടാത്ത നയപ്രഖ്യാപനമായിരുന്നു ട്രംപ് ബുധനാഴ്ച പുറത്തുവിട്ടത്. ‘‘ഞങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരപദ്ധതിയെ ശക്തമായി പിന്തുണക്കുന്നു’’ എന്നും തലമുറകളായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് തീര്‍പ്പുണ്ടാക്കാനുതകുന്ന വ്യക്തമായ വഴി അതാണെന്നും എ.ഐ.പി.എ.സി അതിന്‍െറ വെബ്സൈറ്റില്‍ വിശദീകരിച്ചു.
പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങളില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റമെന്നാണ് ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ട്രംപിന്‍െറ ഫലസ്തീന്‍ വിരുദ്ധ നിലപാടിനെ വിലയിരുത്തിയത്. ഇത്തരം ഏകപക്ഷീയ സമീപനങ്ങള്‍ സെമിറ്റിക് വിരുദ്ധ ചിന്താഗതികളുടെ വേലിയേറ്റത്തിന് നിമിത്തമാകുമെന്നും പത്രം മുന്നറിയിപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.