കമല ഹാരിസ് യു.എസ് പ്രസിഡൻറ് സ്ഥാനാർഥിത്വം പിൻവലിച്ചു
text_fieldsവാഷിങ്ടൺ: യു.എസിൽ 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് പിൻമാറി. പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാൽ മത്സരത്തിൽ നിന്നും പിൻമാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചു. സ്ഥാനാർഥിത്വവും പ്രചരണവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് എല്ലാ കോണുകളിൽ നിന്നും അവലോകനം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ജീവിതത്തിൽ ഏറ്റവും കടുപ്പമേറിയ തീരുമാനമാണിതെന്നും കമല ഡെമോക്രാറ്റിക് അംഗങ്ങൾക്കുള്ള ഇമെയിലിൽ വിശദീകരിച്ചു.
സ്ഥാനാർഥിത്വം പിൻവലിക്കുന്നതിൽ ഖേദമുണ്ടെന്നും അവർ വ്യക്തമാക്കി. ബാൾട്ടിമോറിലും കാലിഫോർണിയയിലെ ഒാക്ലൻഡിലും ഒാഫിസുകൾ സ്ഥാപിച്ച് പ്രചരണം നടത്തനാണ് കമല തീരുമാനിച്ചിരുന്നത്.
നിലവിലെ സെനറ്ററും മുൻ കാലിഫോർണിയ അറ്റോണി ജനറലുമായ കമല ഹാരിസ്, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയായിരുന്നു.
ഇന്ത്യയിൽനിന്നും ജമൈക്കയിൽനിന്നും കുടിയേറിയ മാതാപിതാക്കൾക്ക് പിറന്ന 54കാരിയായ കമല യു.എസിൽ ജനപിന്തുണയുള്ള നേതാക്കളിൽ പ്രമുഖയാണ്. ട്രംപ് നോമിനിയായി സുപ്രീംകോടതിയിലെത്തിയ ബ്രെറ്റ് കവനോഗുൾപ്പെടെ പുതിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി നിറഞ്ഞുനിന്ന കമല, ഡെമോക്രാറ്റുകൾക്കിടയിൽ വളർന്നുവരുന്ന വനിത, ന്യൂനപക്ഷ വോട്ടർമാരുടെ സ്വാധീനം ഉപയോഗിച്ച് അവസാന അങ്കത്തിന് ടിക്കറ്റുറപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലായിരുന്നു.
കാലിഫോർണിയയിൽനിന്ന് ആദ്യമായി സെനറ്റിലെത്തുന്ന കറുത്ത വംശജയായി 2016ൽ ഇവർ റെക്കോഡിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.