ഇന്ത്യൻ എൻജിനീയറുടെ കൊല: യു.എസ് മുൻ നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം
text_fieldsവാഷിങ്ടൺ: യു.എസിൽ ‘എെൻറ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ച് ഇന്ത്യൻ വംശജനായ എൻജിനീയർ ശ്രീനിവാസ് കുച്ചിഭോട്ലയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ നാവിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ആഡം പുരിൻടനെയാണ് (52) കാൻസസ് ഫെഡറൽ ജഡ്ജി ശിക്ഷിച്ചത്. കാൻസസിലെ ബാറിൽ 2017 ഫെബ്രുവരി 22നായിരുന്നു സംഭവം.
വംശീയ വിദ്വേഷമാണ് കൊലപാതകത്തിനു പിന്നിലെന്നും വളരെ ആസൂത്രിതമായാണ് പ്രതി കൃത്യം നടത്തിയതെന്നും കോടതി കണ്ടെത്തി. തടയാൻ ശ്രമിച്ചപ്പോൾ കുച്ചിഭോട്ലയുടെ നാട്ടുകാരനായ സുഹൃത്ത് ആലോകിനും കൂടെയുണ്ടായിരുന്ന അമേരിക്കൻ സുഹൃത്ത് ഇയാൻ ഗ്രില്ലോടിനും പരിക്കേറ്റിരുന്നു. ജീവപര്യന്തം തടവും വധശ്രമത്തിനുള്ള രണ്ടു വ്യത്യസ്ത കേസുകളിലായി 165 മാസം വീതം തടവുശിക്ഷയുമാണ് വിധിക്കപ്പെട്ടത്. 50 വർഷത്തിനുശേഷം മാത്രം പരോൾ ലഭിക്കാവുന്ന ശിക്ഷയാണിത്. അതിനാൽ ജീവിതാന്ത്യം വരെ പുരിൻടൻ ജയിലിൽ കഴിയേണ്ടിവരും.
കാരണം, അപ്പോഴേക്കും പുരിൻടന് 100 വയസ്സു കഴിയും. വംശീയ വിദ്വേഷത്തിനും തോക്കുപയോഗത്തിലെ വീഴ്ചക്കും കേസുകൾ നേരിടുന്നതിനാൽ വധശിക്ഷ ലഭിക്കാനും ഇടയുണ്ട്.കോടതിവിധി കുച്ചിഭോട്ലയുടെ ഭാര്യ സുനയന ദൂമല സ്വാഗതംചെയ്തു. ഭർത്താവിനെ മടക്കിലഭിക്കില്ലെങ്കിലും കോടതിവിധി വംശീയ വിദ്വേഷത്തിനെതിരായ ശക്തമായ സന്ദേശമാണെന്ന് അവർ പറഞ്ഞു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് ഒരുമാസം മുമ്പായിരുന്നു സംഭവം.
അതോടെ യു.എസിലെ ഇന്ത്യക്കാർ ആശങ്കാകുലരായിരുന്നു. കഴിഞ്ഞ ജൂണിലാണ് പുരിൻടനെതിരെ കേസെടുത്തത്. ഹൈദരാബാദ് സ്വദേശിയായിരുന്ന കുച്ചിബോട്ല യു.എസ് ഏവിയേഷൻ സിസ്റ്റംസ് എൻജിനീയറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.