പാകിസ്താനെ നിരീക്ഷിച്ച് ഇന്ത്യക്ക് യു.എസിനെ സഹായിക്കാൻ കഴിയും –നിക്കി ഹാലി
text_fieldsവാഷിങ്ടൺ: ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യക്ക് യു.എസിനെ സഹായിക്കാൻ കഴിയുമെന്ന് യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി. അഫ്ഗാനിലെയും ദക്ഷിണ ഏഷ്യയിലെയും ഭീകരവാദത്തെ നേരിടാൻ ട്രംപ് അടുത്തിടെ പുതിയ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിെൻറ അടിസ്ഥാനംതന്നെ ഇന്ത്യ–യു.എസ് പങ്കാളിത്തമാണെന്നും അവർ വ്യക്തമാക്കി.
യു.എസിന് ഭീഷണിയുയർത്തുന്ന ഭീകരരുടെ സുരക്ഷിത താവളങ്ങൾ ഇല്ലായ്മചെയ്യാനാണ് അഫ്ഗാനിലും ദക്ഷിണ ഏഷ്യയിലുമായി ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഒപ്പം ആണവായുധങ്ങൾ ഭീകരരുടെ കൈവശം എത്താതെയും നോക്കുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സാമ്പത്തിക, നയതന്ത്ര, സൈനിക മാർഗങ്ങൾ സ്വീകരിക്കും.
ഇന്ത്യയുമായി സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് യു.എസ് ആഗ്രഹിക്കുന്നത്. ഒരുകാലത്ത് പാകിസ്താൻ യു.എസിെൻറ പങ്കാളിയായിരുന്നു. അതിനെ മാനിക്കുന്നു. എന്നാൽ, അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്ന ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്ന ഏതു സർക്കാറിനോടും സഹിഷ്ണുത പുലർത്താൻ സാധിക്കില്ല. ഈ നിലപാട് ഇന്ത്യയും പാകിസ്താനും മനസ്സിലാക്കണമെന്നും നിക്കി ഒാർമിപ്പിച്ചു. അഫ്ഗാനിസ്താന് ആവശ്യമായ സാമ്പത്തിക, വികസന സഹായം നൽകുന്നതിന് യു.എസ് ഇന്ത്യയുടെ സഹായം തേടും.
ഇറാൻ ആണവശക്തിയായാൽ യു.എസിനും ലോകത്തിനും മഹാവിപത്താണ്. ഇന്ത്യ ഒരു ആണവശക്തിയാണെന്നതിൽ ആർക്കും പ്രശ്നമില്ല. കാരണം, ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഭീകരവാദത്തിെൻറ വേദനയെന്തെന്ന് മനസ്സിലാക്കിയിട്ടുള്ളവരാണ് യു.എസും ഇന്ത്യയുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.