വെനസ്വേലയിലെ ജയിലിൽ കലാപം; 68 മരണം
text_fieldsകറാക്കസ്: വടക്കൻ വെനിേസ്വലയിലെ വലൻസിയയിലെ പൊലീസ് സ്റ്റേഷനോടു ചേർന്ന ജയിലിലുണ്ടായ തീപിടിത്തത്തിൽ 68 പേർ വെന്തുമരിച്ചു. ജയിൽചാട്ട ശ്രമങ്ങളുടെ ഭാഗമായി ചില തടവുകാർ കിടക്കകൾക്ക് തീയിട്ടതാണ് അപകട കാരണം. മരിച്ചവരിൽ തടവുകാരെ സന്ദർശിക്കാനെത്തിയ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ജയിലിൽ ജോലിയിലുണ്ടായിരുന്ന പൊലീസുകാരനെ വെടിവെച്ചശേഷമാണ് തടവുകാർ കിടക്കകൾക്ക് തീകൊളുത്തിയത്. ശരീരത്തിൽ തീപിടിച്ചും ശ്വാസംമുട്ടിയുമാണ് അധികം പേരും മരിച്ചത്.
തീപിടിത്തത്തിൽ തടവുകാർ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് കടുത്ത പ്രതിഷേധവുമായി തടവുകാരുടെ ബന്ധുക്കൾ ജയിലിനു പുറത്ത് തടിച്ചുകൂടി. കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പൊലീസ് പിരിച്ചുവിട്ടത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
തടവുകാരെ കുത്തിനിറച്ച് പാർപ്പിക്കുന്ന വെനിസ്വേലയിലെ ജയിലുകളിൽ തടവുകാർക്കിടയിലുണ്ടാവുന്ന കലാപങ്ങൾ സാധാരണമാണ്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ രാജ്യത്ത് തടവുകാരെ പാർപ്പിക്കാൻ വളരെ പരിമിതമായ സാഹചര്യങ്ങൾ മാത്രം ലഭ്യമായതിനാലാണ് വലൻസിയയിലുള്ള പോലെയുള്ള താൽക്കാലിക സൗകര്യങ്ങളിൽ തടവുകാരെ പാർപ്പിക്കുന്നത്. 60 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ കൂടുതൽ പേർ ഉണ്ടായിരുന്നു. രാജ്യത്തുടനീളമുള്ള ജയിലുകളിൽ 19,000 പേരെ പാർപ്പിക്കാനാണ് സൗകര്യമെങ്കിലും 50,000ത്തോളം പേർ തടവിലുണ്ട്. ഇവർക്കു പുറമെയാണ് പൊലീസ് സ്റ്റേഷനോടു ചേർന്നും മറ്റുമുള്ള താൽക്കാലിക തടവുകേന്ദ്രങ്ങൾ. 1999-2015 കാലയളവിൽ ജയിലുകളിൽ മാത്രം 6000 പേർ വിവിധ സംഭവങ്ങളിൽ മരിച്ചതായാണ് കണക്കുകൾ. അക്രമങ്ങളും രോഗങ്ങളും പോഷകാഹാരക്കുറവും കാരണം 65 പേർ കഴിഞ്ഞ വർഷം ഇത്തരം ജയിലുകളിൽ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.