ഏകാകിയായ കാടിെൻറ മകൻ ജീവനോടെയുണ്ട്
text_fieldsസാവോപോളോ: അദ്ദേഹം ആരാണെന്നോ, എവിടെ നിന്നു വന്നു എന്നൊന്നും ആർക്കും അറിയില്ല. ഒന്നുമാത്രമറിയാം, 22 വർഷമായി ആ മനുഷ്യൻ ഏകനായി ആമസോൺ കാടുകളിൽ ജീവിക്കുന്നു. ബ്രസീലിലെ ഇന്ത്യൻ ഫൗണ്ടേഷൻ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളിലൂടെയാണ് തദ്ദേശീയ ഗോത്ര വിഭാഗത്തിലെ ജീവിച്ചിരിക്കുന്ന അവസാന വ്യക്തി ഇപ്പോഴും ജീവനോടെയുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. 2011ലാണ് രംഗങ്ങൾ ചിത്രീകരിച്ചതെങ്കിലും ഇൗ വർഷം മേയ് വരെ അയാൾ ജീവനോടെയുള്ളതായി ഫൗണ്ടേഷൻ അധികൃതർ സാക്ഷ്യപ്പെടുത്തി. മണ്ണിനു വേണ്ടിയുള്ള കലാപത്തിൽ ഉറ്റവരെല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതപ്പെടുന്ന ആ മനുഷ്യനെ 1996 മുതൽ ഫൗണ്ടേഷൻ നിരീക്ഷിക്കുന്നുണ്ട്.
റോണ്ടോണിയ സംസ്ഥാനത്തിലെ വനത്തിലാണ് ഇയാൾ വർഷങ്ങളായി കഴിഞ്ഞുകൂടുന്നത്. 1980കളിൽ കാട്ടിലേക്ക് അതിക്രമിച്ചുകടന്ന മരംവെട്ടുകാരും കർഷകരുമാണ് ഇയാളുടെ വംശത്തെ ഉന്മൂലനം െചയ്യാനായി പ്രവർത്തിച്ചത്. വംശത്തിലെ അവസാന കൂട്ടാളിയും 1995 -96 കാലയളവിൽ കൊല്ലപ്പെട്ടതോടെ തികച്ചും ഏകനായി. പിന്നാലെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് ആരും കടക്കാൻ ശ്രമിക്കാത്തതു കാരണമാണ് ആ മനുഷ്യെൻറ ജീവൻ അവശേഷിച്ചതെന്ന് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. 55നും 60നും ഇടയിൽ പ്രായം പ്രതീക്ഷിക്കുന്ന അദ്ദേഹം പൂർണ ആരോഗ്യവാനാണ്. പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താത്തതിനാൽ കാര്യം കഷ്ടത്തിലാണെന്നു കണ്ട് ഫൗണ്ടേഷൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിസമ്മതം പ്രകടിപ്പിച്ചു. എങ്കിലും ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാ മാസവും സംഘം കാടു കയറും. എല്ലാ പ്രാവശ്യവും മനുഷ്യനെ കാണാൻ സാധിക്കില്ല.
കഴിഞ്ഞ മേയിൽ കാൽപാടുകളും മുറിക്കപ്പെട്ട മരവും കണ്ടതിെൻറ അടിസ്ഥാനത്തിലാണ് ജീവനോടെയുണ്ടെന്ന കാര്യം ഉറപ്പുവരുത്തിയത്. ഒാരോ യാത്രയിലും സംഘം കാട്ടിൽ ഉപേക്ഷിച്ചുപോരുന്ന വിത്തുകളും ആയുധവും ഉപയോഗിച്ച് ചോളം, ഉരുളക്കിഴങ്ങ്, പപ്പായ, പഴം എന്നിവ കൃഷി ചെയ്തതായും സംഘം കണ്ടെത്തി. വളരെ ദൂരെനിന്ന് എടുത്ത ചിത്രത്തിൽ ഇയാൾ മഴു ഉപയോഗിച്ച് മരം മുറിക്കാനായി ശ്രമിക്കുന്നതാണ് കാണാനാകുക. അവസാനമായി 1990ൽ ഡോക്യുമെൻററി സംവിധായകനെടുത്ത ചിത്രത്തിലാണ് ഇയാളുടെ മുഖം പതിഞ്ഞത്. എന്നാൽ, ഇലപ്പടർപ്പുകൾക്കിടയിൽ മറഞ്ഞ നിലയിലായിരുന്നു ഇത്.
ആ മനുഷ്യനെപ്പോലെ ആമസോൺ മേഖല വംശനാശ ഭീഷണി നേരിടുന്ന ഒട്ടനേകം വൈവിധ്യമാർന്ന ജനവിഭാഗങ്ങളുടെ കേന്ദ്രമാണ്. ഇവരിലേക്ക് ലോകത്തിെൻറ ശ്രദ്ധ ക്ഷണിക്കാൻകൂടി വേണ്ടിയാണ് അദ്ദേഹത്തിെൻറ സമ്മതമില്ലാതെ വിഡിയോ പുറത്തുവിടാൻ കാരണമെന്ന് ഫൗണ്ടേഷൻ കോഒാഡിനേറ്റായ അൽറ്റൈർ അൽഗയാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.