തെറ്റ് ഏറ്റുപറഞ്ഞും മാപ്പപേക്ഷിച്ചും സക്കർബർഗ് യു.എസ് സെനറ്റിൽ
text_fieldsവാഷിങ്ടൺ: ഫേസ്ബുക്കിെൻറ 8.7 കോടി ഉപയോക്താക്കളുടെ വിവരം ചോർന്നതിന് യു.എസ് സെനറ്റിനുമുന്നിൽ തെറ്റ് ഏറ്റുപറഞ്ഞും മാപ്പപേക്ഷിച്ചും ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ്. വ്യക്തിവിവരം സുരക്ഷിതമാക്കാൻ കഴിയാത്തത് തെൻറ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൗ വർഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരെഞ്ഞടുപ്പുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് പ്രധാന മുൻഗണന. തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലും വിവരചോർച്ചയും ഫേസ്ബുക്ക് ബോർഡ് യോഗം ചർച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ ജയിപ്പിക്കാൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർത്തി വിവര വിശകലന കമ്പനിയായ കേംബ്രിജ് അനലിറ്റിക്കക്ക് വിറ്റ സംഭവത്തിൽ വിശദീകരണം നൽകാനാണ് സക്കർബർഗ് സെനറ്റിെൻറ നീതിന്യായ^ വാണിജ്യ, ശാസ്ത്ര, ഗതാഗത സംയുക്ത സമിതിക്കു മുമ്പാകെ ഹാജരായത്. റഷ്യക്കെതിരെ കടുത്ത ആക്രമണമാണ് സക്കർബർഗ് നടത്തിയത്. ഫേസ്ബുക്ക് റഷ്യയുമായി ‘സായുധസമര’ത്തിലാണ്. റഷ്യയിലുള്ളവർ ഫേസ്ബുക്കിനെയും മറ്റു ഇൻറർനെറ്റ് സംവിധാനങ്ങളെയും ദുരുപയോഗിച്ചത് തിരിച്ചറിയാനായില്ല. റഷ്യൻ ഇടപെടലിനെതിരെ കമ്പനി നിരന്തര പോരാട്ടത്തിലാണ്. മുതലെടുപ്പിന് അവർ ശ്രമിക്കും, അത് തടയാൻ ഞങ്ങളും.
ഫേസ്ബുക്ക് ഇപ്പോൾ ശരിയായ പാതയിലാണ്. തെരഞ്ഞെടുപ്പിൽ അവിഹിത ഇടപെടൽ നടത്തുകയും വ്യാജവിവരം പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ കൃത്രിമബുദ്ധി ഉപകരണങ്ങൾ വികസിപ്പിച്ചതായും സക്കർബർഗ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പ്, ജർമനിയിലെ തെരഞ്ഞെടുപ്പ്, യു.എസ് സെനറ്റ് തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ഇത്തരം അക്കൗണ്ടുകൾ നീക്കാനായി. സുരക്ഷയും ഉള്ളടക്കവുമായി ബന്ധപ്പെട്ട് 20,000 പേരെ കൂടുതലായി ഇൗ വർഷാവസാനത്തോടെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ അക്കൗണ്ടുണ്ടാക്കുന്നവരെ തിരിച്ചറിയാൻ പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന മുൻകരുതലും അദ്ദേഹം വിശദീകരിച്ചു. ‘‘അക്കൗണ്ടുകളുടെ സർക്കാർ തിരിച്ചറിയൽ വിവരവും സ്ഥലവും ചോദിക്കും. ഇതുവഴി, റഷ്യയിലുള്ള ഒരാൾക്ക് അമേരിക്കയിലാണ് എന്ന വ്യാജവിവരം നൽകി തെരഞ്ഞെടുപ്പ് പരസ്യം നൽകാനാവില്ല. 2015ൽതന്നെ കേംബ്രിജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തുന്നതായി അറിഞ്ഞിരുന്നു. എന്നാൽ, ആവർത്തിക്കില്ലെന്ന് അവർ പറഞ്ഞത് വിശ്വസിച്ചതാണ് തെറ്റ്’’ -അദ്ദേഹം പറഞ്ഞു.
2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ എത്രത്തോളമുണ്ടെന്നാണ് യു.എസ് സെനറ്റ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ അവിഹിതമായി ഇടപെെട്ടന്ന് കരുതുന്ന ഒരു റഷ്യൻ ഏജൻസിയിൽനിന്നുള്ള വിവരം 14.6 കോടി പേരിലേക്കെങ്കിലും എത്തിയിട്ടുണ്ടെന്നും സക്കർബർഗ് സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.