മരീചികയായി വാഗ്ദാനങ്ങൾ; സിറിയൻ കുഞ്ഞുങ്ങളുടെ ജീവിതം കരിനിഴലിൽ
text_fieldsന്യൂയോർക്: യുദ്ധം പുറന്തള്ളിയ സിറിയൻകുഞ്ഞുങ്ങൾക്ക് വൻശക്തികളും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത സഹായം യാഥാർഥ്യമാക്കുന്നില്ലെന്ന് ആക്ഷേപം. ലബനാൻ, ജോർഡൻ, തുർക്കി എന്നിവിടങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് സിറിയൻ കുഞ്ഞുങ്ങളുടെ ജീവിതം സഹായം ലഭിക്കാത്തതുമൂലം അവതാളത്തിലായിരിക്കുകയാണെന്ന് ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്.ഡബ്ല്യു.ആർ) ചൂണ്ടിക്കാട്ടി. 16 ലക്ഷം സിറിയൻ കുഞ്ഞുങ്ങളാണ് ഇൗ രാജ്യങ്ങളിൽ കഴിയുന്നത്.
വലിയ തുകയാണ് വിവിധ രാജ്യങ്ങളും സന്നദ്ധസംഘങ്ങളും ഇൗ അഭയാർഥി കുഞ്ഞുങ്ങളുടെ ആഹാരത്തിനും വിദ്യാഭ്യാസത്തിനും പ്രഖ്യാപിച്ചിരുന്നതെങ്കിലും അതെല്ലാം പാഴ്വാക്കായിരുന്നുവെന്ന പ്രതീതിയാണ് ഇപ്പോഴുയരുന്നത്. കഴിഞ്ഞവർഷം 24.8 കോടി ഡോളർ (15,000 കോടിയിലധികം രൂപ) ജോർഡനിലെ സിറിയൻ കുഞ്ഞുങ്ങൾക്ക് സഹായധനമായി നൽകിയെന്നാണ് യു.എസ് സഹായ ഏജൻസിയായ യു.എസ് എയ്ഡിെൻറ കണക്ക്. എന്നാൽ, അതിൽ 1.3 കോടി ഡോളർ മാത്രമേ ലക്ഷ്യത്തിലെത്തിയിട്ടുള്ളൂവെന്നാണ് ജോർഡൻ സർക്കാർ പറയുന്നത്. പരാധീനതകൾ മൂലം അഭയരാജ്യങ്ങളിൽ കഴിയുന്ന, ചുരുങ്ങിയത് അഞ്ചുലക്ഷം കുഞ്ഞുങ്ങളുടെ സ്കൂൾപഠനം പോയവർഷം അവതാളത്തിലായെന്നാണ് നിഗമനം.
യൂറോപ്യൻ യൂനിയൻ, യു.എസ്, ജർമനി, യു.കെ, ജപ്പാൻ, നോർവെ എന്നിവർ ചേർന്ന് ലബനാനിലെ സിറിയൻ കുഞ്ഞുങ്ങൾക്ക് പ്രഖ്യാപിച്ചത് 25 കോടി ഡോളർ. ഇതിൽ 9.7 കോടി ഡോളർ ഇനിയും ലഭ്യമായിട്ടില്ലെന്ന് ലബനാനിലെ സന്നദ്ധസംഘടനകൾ പറയുന്നു. സാമ്പത്തികപ്രതിസന്ധി മൂലം ഇവിടെ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ദൈനംദിന ജീവിതവും പ്രതിസന്ധിയിലാണ്.
സിറിയൻ കുഞ്ഞുങ്ങളെ ഭാവിനഷ്ടപ്പെടുത്തുകയില്ലെന്നായിരുന്നു സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഭാഗമായ വൻശക്തിരാജ്യങ്ങളുടെ പ്രഖ്യാപനം. എന്നാൽ, അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത സന്നദ്ധസംഘടനകൾ നിസ്സഹായരായി ചൂണ്ടിക്കാട്ടുന്നു.
സഹായധനം ലക്ഷ്യത്തിലെത്താത്തതിനും സമയബന്ധിതമായി വിതരണം ചെയ്യാതിരിക്കുന്നതിനും പിന്നിലെ കാരണം വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമായ നടപടികൾ ദായകരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് എച്ച്.ഡബ്ല്യു.ആറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.