മിനിയപൊളിസ് പൊലീസ് സേനയെ പിരിച്ചുവിടണമെന്ന് സിറ്റി കൗൺസിൽ
text_fieldsവാഷിങ്ടൺ: ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രക്ഷോഭം യു.എസിൽ തുടരുന്നതിനിടെ മരണത്തിന് കാരണക്കാരായ മിനിയപൊളിസ് പൊലീസ് സേനയെ പിരിച്ചുവിടണമെന്ന് ആവശ്യമുയരുന്നു. ഈ ആവശ്യത്തെ മിനിയപൊളിസ് സിറ്റി കൗൺസിലിലെ 12ൽ ഒമ്പത് അംഗങ്ങളും പിന്തുണച്ചു.
ഞായറാഴ്ച സിറ്റി പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സിറ്റി കൗൺസിലിലെ ഒമ്പത് അംഗങ്ങൾ പങ്കെടുത്തു. പൊലീസ് സേനയെ പൊളിച്ചുപണിയുമെന്ന് കൗൺസിൽ അംഗമായ ജെറമിയ എല്ലിസൺ പറഞ്ഞു.
സമൂഹത്തെ സംരക്ഷിച്ചു കൊണ്ടുപോകാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് കൗൺസിൽ പ്രസിഡന്‍റ് ലിസ ബെൻഡർ പറഞ്ഞു. പരിഷ്കരണത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. പൊലീസുമായുള്ള നഗരത്തിന്‍റെ ബന്ധം അവസാനിപ്പിക്കുകയാണെന്നും സമൂഹത്തെ സുരക്ഷിതരായി നിർത്താനുള്ള സംവിധാനം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
മേയ് 25നാണ് ജോർജ് ഫ്ലോയിഡ് എന്ന ആഫ്രോ-അമേരിക്കൻ വംശജനെ പൊലീസുകാർ ചേർന്ന് കൊലപ്പെടുത്തിയത്. കൈവിലങ്ങണിയിച്ച ഫ്ലോയിഡിനെ കഴുത്തിൽ കാലമർത്തി ഞെരിച്ച് കൊല്ലുകയായിരുന്നു. മുഖ്യപ്രതിയായ പൊലീസ് ഓഫിസർ ഡെറിക് ഷോവിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് പൊലീസ് അതിക്രമത്തിനെതിരെയും വർണവിവേചനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടും അതിരൂക്ഷമായ പ്രക്ഷോഭമാണ് യു.എസിലുടനീളം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.