റോഹിങ്ക്യകളെ വിട്ടയക്കാൻ മ്യാന്മറിനുമേൽ യു.എൻ സമ്മർദം
text_fieldsയാംേഗാൻ: റാഖൈൻ സംസ്ഥാനത്ത് തടഞ്ഞുവെക്കപ്പെട്ട റോഹിങ്ക്യൻ കുട്ടികളെ വിട്ടയക്കണമെന്ന് യു.എൻ ഏജൻസിയായ യൂനിസെഫ് മ്യാന്മർ സർക്കാറിനോടാവശ്യപ്പെട്ടു.
വടക്കൻ സംസ്ഥാനമായ റാഖൈനിൽ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തിനുശേഷം 600ഒാളം ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളടക്കമുള്ളവരെയാണ് സൈന്യം തടഞ്ഞുവെച്ചിട്ടുള്ളത്. 70,000ത്തോളം ആളുകളാണ് ആക്രമണം ഭയന്ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
മ്യാന്മർ ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിയോട് ബുദ്ധ അക്രമികളുടെ തടവിൽകഴിയുന്ന കുട്ടികളെ വിട്ടയക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ടതായി യുനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ ജസ്റ്റിൻ ഫോർസിത്ത് അറിയിച്ചു.
പൊലീസിെൻറയും സൈന്യത്തിെൻറയും ആക്രമണങ്ങൾക്കിരയായവരുടെ കണക്കെടുക്കാൻ പ്രത്യേകസംഘത്തെ മ്യാന്മറിലേക്കയക്കാൻ യു.എൻ മനുഷ്യാവകാശ സംഘടന തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ, ബംഗ്ലാദേശിലേക്ക് പലായനംചെയ്ത അഭയാർഥികളിൽനിന്ന് യു.എൻ ശേഖരിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ മ്യാന്മറിൽ നടന്നത് വംശീയ ഉന്മൂലനമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, മ്യാന്മർ ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവരുകയായിരുന്നു. ‘വംശീയ ഉന്മൂലനം’ എന്ന് പ്രയോഗിക്കുന്നത് സംഭവത്തെ പർവതീകരിക്കലാണെന്നാണ് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സൂചി പ്രതികരിച്ചിരുന്നത്. അതേസമയം, റാഖൈനിൽ കസ്റ്റഡിയിൽവച്ച് എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.