യു.എസിൽ അഭയം തേടാൻ മത്സരം
text_fieldsജനീവ: അമേരിക്കയിൽ ശരണം തേടി അപേക്ഷിക്കുന്നവരുടെ എണ്ണം മാനംമുട്ടി. അക്കൂട്ടത്തിൽ 7400 ഇന്ത്യക്കാരുമുണ്ട്. പത്തോ ഇരുപതോ ഒന്നുമല്ല, 168 രാജ്യങ്ങളിൽനിന്നാണ് അമേരിക്കയിലേക്ക് അഭയാർഥികളായി എത്താനുള്ള അപേക്ഷ ലഭിച്ചത്. ഒന്നുറപ്പ്, അഭയംതേടി ലോകത്ത് ഏറ്റവും കൂടുതൽ അപേക്ഷകരെത്തുന്നത് അമേരിക്കയിലാണ്. െഎക്യരാഷ്ട്രസഭ അഭയാർഥി ഏജൻസിയാണ് 2017ലെ ഇൗ കണക്ക് പുറത്തുവിട്ടത്. സെക്കൻഡിൽ രണ്ടു പേർ എന്ന കണക്കിൽ ലോകത്ത് അഭയാർഥികൾ പെരുകുകയാണ്. യുദ്ധവും സംഘർഷങ്ങളുമാണ് ഇതിെൻറ കാരണങ്ങളിൽ മുഖ്യം.
അഭയംതേടി ഇന്ത്യയിലെത്തുന്നവരുടെ എണ്ണവും കുറവല്ല. 2017 അവസാനം വരെ രാജ്യത്ത് 1.97 ലക്ഷം അഭയാർഥികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽനിന്ന് വിവിധ രാജ്യങ്ങളിൽ അഭയം തേടി 40,391 പേർ അപേക്ഷിച്ചിട്ടുണ്ട്. 10,519 പേരുടെ അപേക്ഷ പരിഗണിക്കാനുള്ളതായി റിപ്പോർട്ടിലുണ്ട്. യു.എസിൽ അഭയം തേടി അയ്യായിരത്തിലേറെ അപേക്ഷകള്‍ വന്ന മറ്റു രാജ്യങ്ങൾ ഇവയാണ്: മെക്സിക്കോ-26,100, ചൈന- 17,400, ഹെയ്തി- 8600, ഇന്ത്യ-7400.
വികസിത രാജ്യങ്ങളാണ് ആഭ്യന്തര സംഘർഷങ്ങളുടെ പ്രധാന ഇരകൾ. മധ്യ അമേരിക്കയിൽനിന്ന് യു.എസിലേക്ക് അഭയം തേടുന്നവരുടെ എണ്ണം ഇപ്പോഴും വർധിക്കുകയാണ്. വെനിസ്വേലയിൽനിന്നുള്ള അപേക്ഷകളിൽ 63 ശതമാനം വർധനയുണ്ടായി- കഴിഞ്ഞ വർഷം മാത്രം അപേക്ഷിച്ചത് 29,900 പേർ.
വിവിധ രാജ്യങ്ങളിൽ അഭയം തേടി ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് അഫ്ഗാനിസ്താനിൽനിന്നാണ്. 80 രാജ്യങ്ങളിൽ അഭയം തേടി 1.25 ലക്ഷം അപേക്ഷകളാണ് അഫ്ഗാനില്‍നിന്നു ലഭിച്ചത്. ലോകത്ത് ആകെയുള്ള 6.85 കോടി അഭയാർഥികളിൽ യുദ്ധവും ആക്രമണവും കാരണം നാടുവിടേണ്ടിവന്നത് 2.54 കോടി പേർക്കാണ്.
അനധികൃത കുടിയേറ്റം:
52 ഇന്ത്യക്കാർ അറസ്റ്റിൽ
വാഷിങ്ടൺ: യു.എസിലേക്ക് അനധികൃതമായി കുടിയേറിയ 52 ഇന്ത്യക്കാർ അറസ്റ്റിലായി. യു.എസ് സംസ്ഥാനമായ ഒറിഗോണിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ് ഇവർ. അമേരിക്കയിൽ അഭയം തേടാനായി എത്തിയ സിഖ്, ക്രിസ്ത്യൻ വിഭാഗക്കാരാണ് ഇവർ.
ഇന്ത്യയിൽ തങ്ങൾ മതപരമായി വേട്ടയാടപ്പെടുകയാണെന്നും മതപരമായ സ്വാതന്ത്ര്യത്തിനായി യു.എസിൽ അഭയം തേടാനായാണ് എത്തിയതെന്നുമാണ് ഇവർ പറയുന്നത്. ഇടുങ്ങിയ മുറിയിൽ തടവിൽ കിടക്കുകയാണിവർ. യു.എസിൽ അനധികൃത കുടിയേറ്റത്തിന് തടവിലാക്കപ്പെട്ടവരിൽ ഏറെയും ഇന്ത്യക്കാരാണ്. 123 ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന് യു.എസിലെ ഷെരിദാനിൽ തടവിൽ കഴിയുന്നത്. അഭയാർഥികളായാണത്രെ ഇവർ യു.എസിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.