ഉത്തരകൊറിയ ആണവ പദ്ധതി തുടരുന്നതായി യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: ഉത്തര കൊറിയ ആണവ പദ്ധതികൾ വികസിപ്പിക്കുന്നത് തുടരുന്നതായി െഎക്യരാഷ്ട്ര സഭയുടെ രഹസ്യ റിപ്പോർട്ട്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഒപ്പുവെച്ച സിംഗപ്പൂർ ഉച്ചകോടിയിലെ ധാരണകൾ കാറ്റിൽപറത്തിയാണ് നിർമാണം തുടരുന്നതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട് നൽകുന്ന സൂചന.
ഉത്തര കൊറിയക്കെതിരായ ഉപരോധം നിരീക്ഷിക്കുന്ന യു.എൻ വിദഗ്ധരുടെ റിപ്പോർട്ട് കഴിഞ്ഞദിവസം ചില മാധ്യമങ്ങൾ പുറത്തുവിടുകയായിരുന്നു. അന്താരാഷ്ട്ര ഉപരോധം തുടരുന്നതിനിടയിലും രഹസ്യമായി ആയുധങ്ങളും ഇന്ധനവും വ്യാപാരം നടത്തുന്നുണ്ടെന്നും റിേപ്പാർട്ടിൽ പറയുന്നു. സമുദ്രമാർഗം കൽക്കരി കടത്തുന്നത് തുടരുകയാണെന്നും സിറിയയുമായി നിരോധിത സൈനിക സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
യമനിലെ ഹൂതിവിമതർക്കും സുഡാൻ, ലിബിയ എന്നീ രാജ്യങ്ങളിേലക്കും ആയുധം വിൽക്കാൻ ശ്രമം നടന്നതിനുള്ള രേഖകളും യു.എൻ കണ്ടെടുത്തിട്ടുണ്ട്.2006 മുതൽ യു.എന്നിെൻറ ഉപരോധം ഉത്തര കൊറിയക്കെതിരെ നിലവിലുണ്ട്. ആദ്യത്തെ ആണവ പരീക്ഷണത്തെ തുടർന്നാണ് ഉപരോധം നിലവിൽവന്നത്. 2017ൽ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചതോടെ യു.എൻ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തി. സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് സിംഗപ്പൂരിൽ യു.എസ് പ്രസിഡൻറുമായി കൂടിക്കാഴ്ചക്ക് കിം ജോങ് ഉൻ തയാറായത്.
ആണവ പദ്ധതികൾ കുറക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടിക്കുശേഷവും ഉത്തര കൊറിയ നേരത്തേയുള്ള നിലപാടിൽ തന്നെയാണെന്നാണ് പുതിയ യു.എൻ റിപ്പോർട്ട് നൽകുന്ന സൂചന. ട്രംപ്-കിം ഉച്ചകോടിയുടെ തുടർച്ചയായി ആണവ പദ്ധതികൾക്കായി നിർമിച്ച തുരങ്കങ്ങൾ ഉത്തര കൊറിയ തകർത്തിരുന്നു. ഇത് ആണവ നിരായുധീകരണത്തിെൻറ തുടക്കമായി വിലയിരുത്തപ്പെട്ടിരുന്നു.
അതേസമയം, ഉത്തര കൊറിയയെ പൂർണമായും ആണവ മുക്തമാക്കുന്നതിന് സമയമെടുക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ലോകത്തിന് സന്തോഷം പകരുന്ന അത്തരമൊരു ദിനം ഉണ്ടാവുമെന്നുതന്നെയാണ് തെൻറ വിശ്വാസമെന്നും അദ്ദേഹം സിംഗപ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. യു.എസുമായി ഒപ്പുവെച്ച കരാർ പാലിക്കുന്നതിന് ഉത്തര കൊറിയ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി റിേയാങ് േഹായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.