ഉത്തര കൊറിയ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരിക്കുന്നു –റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയ ഇനിയൊരിക്കലും ആണവഭീഷണിയാവില്ലെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവകാശവാദം പാഴ്വാക്കാവുന്നു. ആണവായുധങ്ങൾ നിർമിക്കുന്നതിന് രഹസ്യകേന്ദ്രങ്ങളിൽ ഉത്തര കൊറിയ വൻതോതിൽ യുറേനിയം സമ്പുഷ്ടീകരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. യു.എസ് ഇൻറലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ബി.സി ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആണവായുധ പരീക്ഷണം ഉത്തര കൊറിയ മുന്നോട്ടുകൊണ്ടുപോവുകയാണെന്നാണ് യോങ്ബ്യോൺ എന്ന ആണവഗവേഷണ കേന്ദ്രത്തിൽനിന്നു ലഭിച്ച ഉപഗ്രഹദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 2007ല്‍ അടച്ചുപൂട്ടിയതാണ് യോങ്ബ്യോണ്‍ ആണവനിലയം. യു.എസ്, ചൈന, റഷ്യ, ജപ്പാന്, ദക്ഷിണ -ഉത്തര കൊറിയകള്‍ എന്നീ ആറു രാഷ്ട്രങ്ങളായിരുന്നു അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.
എന്നാല്‍, പിന്നീട് 2013 ഫെബ്രുവരിയില്‍ ആണവപരീക്ഷണം നടത്തിക്കൊണ്ട് പ്ലാൻറ് പ്രവര്‍ത്തിപ്പിക്കാന്‍ പോകുകയാണെന്ന് ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. സിംഗപ്പൂരിൽ ഇൗ മാസം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി നടന്ന ഉച്ചകോടി വൻ വിജയമാണെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണമായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന അജണ്ട. അതിന് കിം സമ്മതിക്കുകയും ചെയ്തു.
ചർച്ചക്കു മുന്നോടിയായി ഉത്തര കൊറിയ പംഗേറിയിലെ ആണവ നിലയം തകർത്തിരുന്നു. കിം വാക്കു പാലിക്കുകയാണെന്ന് ലോകം വിലയിരുത്തിയിരുന്നെങ്കിലും നാശത്തിെൻറ വക്കിലെത്തിയ ആണവ നിലയം നശിപ്പിച്ച് യഥാർഥത്തിൽ യു.എസിെൻറ കണ്ണിൽപൊടിയിടുകയായിരുന്നു ആ ഭരണാധികാരിയെന്നും മറുവാദമുയർന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ട്രംപ് ഉച്ചകോടി നടന്നയുടൻ അമേരിക്കൻ ജനത സുരക്ഷിതമായിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തത്.
അടുത്തിടെ ഉത്തര കൊറിയ പുതിയ ആണവപരീക്ഷണങ്ങൾ നടത്തിയതിന് തെളിവുകളൊന്നുമില്ല. യുറേനിയം സമ്പുഷ്ടീകരണത്തിന് യോങ്ബ്യോണിലെ ആണവനിലയം കൂടാതെ മറ്റൊരു രഹസ്യകേന്ദ്രം കൂടി ഉത്തര കൊറിയക്കുണ്ടെന്നും സംശയമുണ്ട്. ഇക്കാലമത്രയും അവർ തങ്ങളിൽനിന്ന് അത് മറച്ചുപിടിച്ചതാണെന്ന് യു.എസ് ഇൻറലിജൻസ് ഉദ്യോഗസ്ഥർ എൻ.ബി.സിയോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.