കോവിഡ് പ്രതിരോധിക്കാനുള്ള കിം ജോങ് ഉന്നിന്‍റെ പരിശ്രമങ്ങൾ അഭിനന്ദനീയം; ട്രംപിന്‍റെ കത്ത്
text_fieldsസിയോൾ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും അറിയിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് കത്തയച്ചതായി റിപ്പോർട്ട്. കൊറിയൻ സർക്കാറിന് കീഴിലെ മാധ്യമമായ കെ.സി.എൻ.എയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയിൽ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് കിം ജോങ് ഉൻ നടത്തുന്ന പരിശ്രമങ്ങളെ ട്രംപ് കത്തിൽ അഭിനന്ദിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കിം ജോങ് ഉന്നിന് സ്വകാര്യ കത്തയച്ച് ബന്ധം ഊഷ്മളമാക്കിയ ട്രംപിൻെറ നടപടി ശ്ലാഘനീയമാണെന്നും ഇത് കിം ജോങ് ഉൻ പ്രാധാന്യത്തോടെ സ്വീകരിക്കുന്നുവെന്നും കെ.സി.എൻ.എ അഭിപ്രായപ്പെട്ടു.
കത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് നയിക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചെന്നും കോവിഡ് 19 പകർച്ചവ്യാധി തടയുന്നതിനുള്ള രാജ്യത്തിൻെറ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പ് നൽകിയെന്നും കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
അതേസമയം ലോകത്ത് 160 രാജ്യങ്ങളിൽ ഇതുവരെ കോവിഡ് 19 ബാധ സ്ഥിരീകരിച്ചെങ്കിലും ഉത്തര കൊറിയയിൽ ഒരാൾക്ക് പോലും രോഗബാധയില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. രാജ്യത്ത് ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉ. കൊറിയയിലെ അടിയന്തര ആരോഗ്യ കമ്മിറ്റി ഉദ്യോഗസ്ഥനായ സോങ് ഇൻ ബോം അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ രംഗം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ദുർബലമായ കൊറിയയിൽ കോവിഡ് ബാധയില്ലാതിരിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം. നിലവിൽ അതിർത്തികളെല്ലാം അടച്ച് പ്രതിരോധം തീർത്തിരിക്കുകയാണ് കൊറിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.