ഉത്തര കൊറിയൻ ഭീഷണി: ചൈന നടപടിയെടുത്തില്ലെങ്കിൽ ഒറ്റക്ക് നീങ്ങുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയുടെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെ ചൈന നടപടിയെടുക്കുന്നില്ലെങ്കിൽ അമേരിക്ക സ്വന്തംനിലക്ക് മുന്നോട്ടുപോകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇൗയാഴ്ച അമേരിക്കയിലെ ഫ്ലോറിഡയിലെത്തുന്ന ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ ഉത്തര കൊറിയൻ വിഷയത്തിൽ സമ്മർദത്തിലാക്കുകയാണ് പ്രസ്താവനയുടെ ഉദ്ദേശ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര െകാറിയക്കുമേൽ വലിയ സ്വാധീനമുള്ള രാജ്യമാണ് ചൈന. അവർക്ക് ഒന്നുകിൽ ഇക്കാര്യത്തിൽ യു.എസിനെ സഹായിക്കാം അല്ലെങ്കിൽ സഹായിക്കാതിരിക്കാം. സഹായിക്കുകയാണെങ്കിൽ അത് ചൈനക്ക് ഗുണകരമാകും. ഇല്ലെങ്കിൽ ആർക്കുമത് ഗുണം ചെയ്യില്ല -ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയയിലെ യു.എസ് സൈനിക സാന്നിധ്യം കുറക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ എന്തുചെയ്യുമെന്ന ചോദ്യത്തിനാണ് ചൈന നടപടിയെടുത്തില്ലെങ്കിൽ ഒറ്റക്ക് നീങ്ങുമെന്ന് ട്രംപ് മറുപടി നൽകിയത്. യു.എസിെൻറ സമ്മർദങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തര കൊറിയക്കെതിരെ കടുത്ത തീരുമാനങ്ങൾക്ക് ചൈന മുതിരുമോ എന്ന് വ്യക്തമല്ല. നേരത്തേ സാമ്പത്തിക രംഗത്ത് ചില നിയന്ത്രണങ്ങൾ ചൈന കൊണ്ടുവന്നിരുന്നു. കിം ജോങ് ഉന്നിെൻറ നേതൃത്വത്തിലുള്ള ഉത്തര കൊറിയയുടെ ആണവ-മിസൈൽ പദ്ധതികൾക്കെതിരെ ഏത് തരത്തിലുള്ള നടപടിയാവും യു.എസ് കൊണ്ടുവരുകയെന്നതും വ്യക്തമായിട്ടില്ല.
നേരിട്ടുള്ള സൈനിക നടപടിക്ക് അമേരിക്ക ഇപ്പോൾ ഒരുങ്ങില്ലെന്നാണ് സൂചന. ഉത്തര കൊറിയക്കെതിരായി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യു.എസ് ദേശീയ സുരക്ഷ സമിതി നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, നിർദേശങ്ങൾ സംബന്ധിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ട്രംപും ജിൻപിങ്ങും തമ്മിലെ ചർച്ചയിൽ ദക്ഷിണ ചൈന കടൽ പ്രശ്നമടക്കമുള്ള വിഷയങ്ങൾ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.