ആണവ യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം- ഉത്തര കൊറിയ
text_fieldsയുണൈറ്റഡ് നേഷൻസ്: ലോകത്ത് എതു നിമിഷവും ആണവ യുദ്ധം പുറപ്പെടാമെന്ന് യു.എസിലെ ഉത്തര കൊറിയൻ ഡെപ്യൂട്ടി അംബാസഡർ കിം ഇൻ റിയോങ്. യു.എൻ. ജനറൽ അസംബ്ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുൻപാകെയാണ് റിയോങ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്തര കൊറിയെപോലെ അമേരിക്കയിൽ നിന്നും ആണവഭീഷണി നേരിടുന്ന മറ്റൊരു രാജ്യമില്ല. 1970 മുതൽ തന്നെ കൊറിയൻ മുനമ്പിൽ ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ആണവായുധം കൈയിൽ വെക്കാൻ എല്ലാവിധ അവകാശവും ഉത്തരകൊറിയക്കുണ്ട്.
ആണവ ആയുധങ്ങൾ പ്രദർശിപ്പിച്ച് അമേരിക്ക എല്ലാവർഷവും സേനാഭ്യാസവും നടത്താറുണ്ട്. തങ്ങളുടെ നേതാവിനെ ഉന്മൂലനം ചെയ്യാനായി രഹസ്യമായി അമേരിക്ക പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും റിയോങ് ആരോപിച്ചു.
ആറ്റമിക് ബോംബ്, ഹൈഡ്രജൻ ബോംബ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റുകൾ തുടങ്ങി വിവിധ തരത്തിലുള്ള ആയുധങ്ങൾ ഉത്തര കൊറിയ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയെന്ന ഭൂവിഭാഗം മുഴുവൻ തങ്ങളുടെ വിരൽത്തുമ്പിലാണ്. ഞങ്ങളുടെ പരിപാവനമായ ദേശത്തിന്‍റെ ഒരു ഇഞ്ച് പോലും കടന്നാക്രമിക്കാൻ ശ്രമിച്ചാൽ ഈ ലോകത്തിന്‍റെ ഒരു കോണിലേക്കും രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ അവരെ നശിപ്പിക്കാൻ കഴിയുമെന്നും റിയോങ് ഭീഷണി മുഴക്കി.
ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ വളരെ നാളുകളായി പരസ്പരം പോർവിളി തുടർന്നു കൊണ്ടിക്കുന്നതിനിടെയാണ് അംബാസഡറുടെ പുതിയ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.