അമേരിക്ക വംശവെറിയുടെ പിടിയില്‍ തന്നെ –ഒബാമ
text_fieldsഷികാഗോ: അമേരിക്കന്‍ ജനതക്ക് പ്രസിഡന്‍റ് ബറാക് ഒബാമയുടെ കണ്ണീരില്‍ കുതിര്‍ന്ന ‘ഗുഡ് ബൈ’. വംശീയതയും അസമത്വവും മൂലം അപകടത്തിലായ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള വൈകാരികമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. 2008ലെ തെരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേ വേദിയിലാണ് എട്ടുവര്‍ഷത്തിനുശേഷം ഒബാമ യാത്ര പറയാനത്തെിയത്. ഭാര്യ മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, അദ്ദേഹത്തിന്‍െറ ഭാര്യ ജില്‍ ബൈഡന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
‘‘നിങ്ങളാണ് എന്നെ നല്ല പ്രസിഡന്‍റും നല്ല മനുഷ്യനുമായി മാറാന്‍ സഹായിച്ചത്’’ എന്ന ആമുഖത്തോടെയായിരുന്നു തുടക്കം. ഡോണള്‍ഡ് ട്രംപിന്‍െറ തെരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ട കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തെ പരോക്ഷമായി സൂചിപ്പിച്ച് വിവേചനവും വംശീയ വിദ്വേഷവും വളര്‍ന്നുവരികയാണെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.‘‘മാറ്റം എന്ന മുദ്രാവാക്യവുമായാണ് എട്ടുവര്‍ഷം മുമ്പ് ഞാന്‍ നിങ്ങളുടെ മുന്നിലത്തെിയത്. അതേ, അതിന് നമുക്കുകഴിഞ്ഞു’’. അമേരിക്കന്‍ സമൂഹത്തില്‍ വംശീയത ഇപ്പോഴും പ്രബലവും നിര്‍ണായകവുമായ ശക്തിയായി തുടരുന്നുവെന്ന് യു.എസിന്‍െറ ആദ്യ കറുത്ത വംശജനായ പ്രസിഡന്‍റുകൂടിയായ ഒബാമ പറഞ്ഞു. താന്‍ തെരഞ്ഞെടുക്കപ്പെട്ടശേഷം വംശീയ വിമുക്തമായ അമേരിക്കയെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ആ സുന്ദരസ്വപ്നം യാഥാര്‍ഥ്യമായില്ല. അമേരിക്കന്‍ മുസ്ലിംകള്‍ക്കെതിരായ വിവേചനത്തെ താന്‍ എതിര്‍ക്കുന്നു.
നിയമസംവിധാനത്തിനകത്തുനിന്ന് തനിക്ക് ഭീകരവാദത്തിനെതിരെ പോരാടാന്‍ കഴിഞ്ഞു. ഗ്വാണ്ടാനമോ ക്യാമ്പ് പൂട്ടാന്‍ നടപടികളെടുക്കാനായി, സ്വകാര്യതയും പൗരാവകാശങ്ങളും സംരക്ഷിക്കുന്ന നിയമങ്ങള്‍ നവീകരിക്കാനായി. ഇതുവഴി അമേരിക്കന്‍ മുസ്ലിംകള്‍ക്കെതിരായ വിവേചനം തടയാന്‍ കഴിഞ്ഞു. അമേരിക്കന്‍ മുസ്ലിംകളും നമ്മെപ്പോലെ ദേശാഭിമാനികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരുടെ മക്കള്‍ നമ്മെപ്പോലെയല്ല എന്ന കാരണത്താല്‍ അവരെ അവഗണിക്കുകയാണെങ്കില്‍ നമ്മുടെ സ്വന്തം കുട്ടികളുടെ വളര്‍ച്ച തടയുകയായിരിക്കും ഫലം. കാരണം, ആ കുട്ടികളാണ് അമേരിക്കയുടെ ഭാവി തൊഴില്‍സേനയെ പ്രതിനിധീകരിക്കാന്‍ പോകുന്നത്; കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്‍െറ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് ഒബാമ പറഞ്ഞു.ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷത്തിന്‍െറയും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ആഗോളപോരാട്ടത്തില്‍നിന്ന് നമുക്ക് മാറിനില്‍ക്കാനാകില്ല.
നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ പുനര്‍നിര്‍മിക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രീയഭേദമേന്യ എല്ലാവരും ഏറ്റെടുക്കണം. വികസിത ജനാധിപത്യരാജ്യങ്ങളില്‍വെച്ച് കുറവ് വോട്ടിങ് ശതമാനമാണ് നമ്മുടേത്. വോട്ടിങ്ങിനെ എളുപ്പവും ലളിതവുമാക്കണം. അധികാരത്തിന്‍െറ പെന്‍ഡുലം എങ്ങോട്ട് ചായുന്നു എന്ന പരിഗണനക്കുപരി പൗരത്വം എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന കാര്യം നമ്മള്‍ ഉള്‍ക്കൊള്ളണം.സാമ്പത്തിക വിഭജനം വംശീയഭിന്നതക്കും വളംവെക്കുന്നു. വരുമാനത്തില്‍, താമസസ്ഥലങ്ങളില്‍, വിദ്യാഭ്യാസത്തില്‍, നിയമവ്യവസ്ഥയിലെല്ലാമുള്ള വിവേചനം അവസാനിപ്പിക്കണം. ഇതിന് നിയമങ്ങള്‍ ശക്തമായാല്‍ മാത്രം പോര, ഹൃദയങ്ങളും മാറണം. എല്ലാ സാമ്പത്തിക പ്രശ്നവും കഠിനാധ്വാനിയായ മധ്യവര്‍ഗ വെള്ളക്കാരനും ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷമായി മാത്രം കണ്ടാല്‍ തൊഴിലാളികള്‍ എന്നും അവശിഷ്ടങ്ങള്‍ക്കായി അടിപിടി കൂടിക്കൊണ്ടിരിക്കേണ്ടിവരും. സമ്പന്നര്‍ അവരുടെ കൊട്ടാരങ്ങളില്‍ സുരക്ഷിതരുമായിരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ വിഭാഗങ്ങളുടെയും വരുമാനം കൂടിയതായി അദ്ദേഹം പറഞ്ഞു.നമ്മുടെ ഇന്‍റലിജന്‍സ് ഓഫിസര്‍മാരുടെയും നിയമസംവിധാനത്തിന്‍െറയും അസാധാരണ ധൈര്യം മൂലം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒരു വിദേശ ഭീകര സംഘടനക്കും അമേരിക്കയുടെ മണ്ണില്‍ ആക്രമണം നടത്താന്‍ കഴിഞ്ഞില്ല.
അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന ഒന്നും സുരക്ഷിതമായിരിക്കില്ല. ഉസാമ ബിന്‍ ലാദിന്‍ അടക്കമുള്ള ആയിരക്കണക്കിന് ഭീകരരെ നമ്മള്‍ കൈകാര്യം ചെയ്തു. ഐ.എസിനെതിരായ പോരാട്ടം തുടരുന്നു. അതിനെ തകര്‍ക്കുകതന്നെ ചെയ്യും. ഇക്കാലമത്രയും നിങ്ങളുടെ കമാന്‍ഡര്‍ ഇന്‍ ചീഫായി തുടരാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച ആദരവാണ്.സ്വാതന്ത്ര്യത്തിന്‍െറ വ്യാപ്തിയും നിയമവാഴ്ചയോടുള്ള ആദരവും ലോകമെങ്ങും ചുരുങ്ങിവരികയാണ്. രാജ്യങ്ങള്‍ക്കകത്തും പുറത്തും യുദ്ധസാധ്യത ഏറിവരുന്നു. നമ്മുടെ സ്വന്തം സ്വാതന്ത്ര്യം തന്നെ അപകടത്തിലാണ് -ഒബാമ മുന്നറിയിപ്പുനല്‍കി. നമ്മള്‍ സ്വന്തം ഭരണഘടനയെയും തത്ത്വങ്ങളെയും ഒറ്റികൊടുക്കാത്തിടത്തോളം അമേരിക്കയെ തോല്‍പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. നമ്മുടെ എതിരാളികളായ റഷ്യക്കോ ചൈനക്കോ ലോകത്ത് അമേരിക്കയുടെ സ്വാധീനത്തിനൊപ്പമത്തൊനായിട്ടില്ല.
രാജ്യത്തെക്കുറിച്ച് കൂടുതല്‍ ശുഭാപ്തിവിശ്വാസിയായാണ് താന്‍ പടിയിറങ്ങുന്നതെന്ന് ഒബാമ പറഞ്ഞു. താന്‍ അധികാരമേറ്റ എട്ടുവര്‍ഷം മുമ്പത്തേതിനെക്കാള്‍ മികച്ചതും ശക്തവുമാണ് ഇപ്പോള്‍ ഈ രാജ്യം. ‘‘നിസ്വാര്‍ഥരും ക്രിയാശേഷിയുള്ളവരും ദേശാഭിമാനികളുമായ ഒരു തലമുറ വളര്‍ന്നുവരുന്നത് ഞാന്‍ കാണുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിയുക്തമായ ഒരു അമേരിക്കയിലാണ് നിങ്ങളുടെ വിശ്വാസം. ഞങ്ങളില്‍ പലരെയും നിങ്ങള്‍ മറികടക്കും. ഭാവി നിങ്ങളുടെ കൈകളില്‍ ഭദ്രമാണ്’’. പ്രസിഡന്‍റ് എന്ന നിലക്ക് എനിക്ക് അവസാനമായി ഒന്നുകൂടി നിങ്ങളോട് ആവശ്യപ്പെടാനുണ്ട്; ‘‘ വിശ്വസിക്കുക, മാറ്റം വരുത്താനുള്ള എന്‍െറ കഴിവിലല്ല, നിങ്ങളുടെ കഴിവില്‍’’; ഇടര്‍ച്ചയോടെ ഒബാമ പറഞ്ഞുനിര്‍ത്തി.ഈ മാസം 20ന് ഒബാമ സ്ഥാനമൊഴിയുകയും ഡോണള്‍ഡ് ട്രംപ് യു.എസിന്‍െറ 45ാമത് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.