എന്‍റെ സ്ഥാപനം ചാമ്പലാകട്ടെ, ഫ്ലോയിഡിന് നീതി ലഭിക്കുക തന്നെ വേണം -വൈറലായി കുറിപ്പ്
text_fieldsയു.എസിലെ മിന്നെപോളിസിൽ കറുത്തവംശജനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ദാരുണമായി കൊലപ്പെടുത്തിയതിനെ തുടർന്ന് ശക്തമായ പ്രക്ഷോഭമാണ് രാജ്യത്തുടനീളം ഉണ്ടായത്. പലപ്പോഴും പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മിന്നെസോട്ടയിലെ പൊലീസ് സ്റ്റേഷനും നിരവധി സ്ഥാപനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. മിന്നെപോളിസിൽ പ്രക്ഷോഭകർ തീയിട്ട ഇന്ത്യൻ റസ്റ്ററന്‍റിന്‍റെ ഉടമസ്ഥർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
മിന്നെപോളിസിലെ പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ഗാന്ധിമഹൽ ഇന്ത്യൻ റെസ്റ്ററന്‍റിനാണ് പ്രക്ഷോഭകർ തീയിട്ടത്. പൊലീസ് സ്റ്റേഷനും തീയിട്ടിരുന്നു. ബംഗ്ലാദേശ് വംശജനായ റുഹേൽ ഇസ്ലാം ആണ് ഗാന്ധിമഹൽ റെസ്റ്ററന്‍റിന്‍റെ ഉടമ.
ഗാന്ധിമഹൽ റെസ്റ്ററന്‍റിന്‍റെ ഫേസ്ബുക്ക് പേജിൽ അവർ ഇങ്ങനെ എഴുതി-
ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഗാന്ധിമഹലിനെ സംരക്ഷിക്കാൻ ശ്രമിച്ച എല്ലാവരോടും അയൽക്കാരോടും നന്ദി അറിയിക്കുന്നു. ഞങ്ങളെ കുറിച്ചോർത്ത് വിഷമിക്കേണ്ട. ഞങ്ങൾ കെട്ടിടം പുനർനിർമിക്കുകയും തിരിച്ചുവരികയും ചെയ്യും.
റുഹേൽ ഇസ്ലാമിന്റെ മകൾ ഹഫ്സയാണ് ഇതെഴുതുന്നത്. പിതാവിനടുത്തിരുന്ന് വാർത്തകൾ കാണുകയാണ് ഞാൻ. അദ്ദേഹം ഫോണിലൂടെ പറയുന്നത് എനിക്ക് കേൾക്കാം; 'എന്‍റെ കെട്ടിടം കത്തിയെരിഞ്ഞോട്ടെ. ആ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ അടക്കണം. നീതി ലഭിക്കുക തന്നെ വേണം'.
ഗാന്ധിമഹലിന് കഴിഞ്ഞ രാത്രി തീപിടിച്ചിരിക്കാം. എന്നാൽ, ഞങ്ങളുടെ സമൂഹത്തെ സഹായിക്കാനും ഒപ്പം നിർത്താനുമുള്ള ജ്വലിക്കുന്ന പ്രേരണ ഒരിക്കലും അവസാനിക്കില്ല. എല്ലാവർക്കും സമാധാനം. ജോർജ് ഫ്ലോയിഡിന് നീതി ലഭ്യമാവട്ടെ.
റെസ്റ്ററന്‍റ് ഉടമ റുഹെൽ ഇസ്ലാമിന് വേണ്ടി 18കാരിയായ മകൾ ഹഫ്സ ഇസ്ലാമാണ് ഹൃദയത്തിൽ തൊടുന്ന കുറിപ്പെഴുതിയത്. സമൂഹമാധ്യമങ്ങളിൽ വൻ അഭിനന്ദനമാണ് കുറിപ്പിന് ലഭിച്ചത്.
തുടർന്ന് റസ്റ്ററന്‍റിന്‍റെ പുനർനിർമാണത്തിനായി സഹൃദയർ ചേർന്ന് ഓൺലൈനിൽ ഫണ്ട് ശേഖരണം തുടങ്ങിയിരിക്കുകയാണ്. ഫണ്ട് ശേഖരണത്തിന് നന്ദിയറിയിച്ച ഉടമ, ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് മറ്റുള്ളവർക്ക് ഭക്ഷണം ലഭ്യമാക്കി സഹായകമാകാൻ മുന്നിലുണ്ടാവുമെന്നും അറിയിച്ചു.
സാമൂഹിക സേവനങ്ങൾക്ക് നേരത്തെ തന്നെ ഏറെ പേരുകേട്ട സ്ഥാപനമാണ് മിന്നെപോളിസിലെ ഗാന്ധിമഹൽ ഇന്ത്യൻ റെസ്റ്ററന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.