പാകിസ്താൻ ഭീകരർക്ക് താവളമൊരുക്കുന്നു–സി.െഎ.എ
text_fieldsവാഷിങ്ടൺ: പാകിസ്താൻ ഭീകരവാദികൾക്ക് സുരക്ഷിതതാവളമൊരുക്കുന്നതായും ഇത് അമേരിക്കക്ക് ഭീഷണിയാണെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.െഎ.എ മേധാവി മൈക് പോംപിയോ. പുതുവത്സര ദിനത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ പാകിസ്താനെതിരെ നടത്തിയ ആരോപണം ശരിവെച്ചാണ് സി.െഎ.എ മേധാവി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പാകിസ്താൻ നിലപാട് തിരുത്തണമെന്ന് പലവട്ടം ആവശ്യപ്പെട്ടതായും ഇത് സ്വീകരിച്ചാൽ എല്ലാവിധ പങ്കാളിത്തവും തുടരാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പാകിസ്താനുമായി കാലങ്ങളായി തുടരുന്ന നയത്തിൽ മാറ്റംവരുത്തി പുതിയ രീതി അവലംബിക്കാൻ ട്രംപ് ഭരണകൂടം ശ്രമമാരംഭിച്ചതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. തീവ്രവാദത്തിന് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താെൻറ നിലപാടുകൾ എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സമീപകാലത്തായി ട്രംപ് ഭരണകൂടം പാകിസ്താനുമായുള്ള ബന്ധത്തിൽ മാറ്റത്തിന് സന്നദ്ധമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക സഹായങ്ങളും നയതന്ത്രപരമായ ക്ഷമയുമാണ് യു.എസ് പാകിസ്താനോട് ഇതുവരെ കാണിച്ചത്. എന്നാൽ, വേൾഡ് ട്രേഡ് സെൻറർ ആക്രമണശേഷം അമേരിക്കയിൽ അധികാരത്തിലിരുന്ന ഭരണകൂടങ്ങൾ സ്വീകരിച്ച ഇൗ സമീപനം പരാജയമായിരുന്നു.
പാകിസ്താനും അഫ്ഗാനിസ്താനും തീവ്രവാദത്തിന് സുരക്ഷിത സ്ഥാനമാകുന്നത് യു.എസിന് അപകടമാണ്. കാരണം ഇത് തങ്ങളുടെയും സഖ്യകക്ഷികളുടെയും സുരക്ഷയെയും മേഖലയുടെ സുസ്ഥിരതയെയും ബാധിക്കും -ഉന്നത ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. പാകിസ്താനിലെ ഭരണകൂടങ്ങളും തീവ്രവാദികളും തമ്മിൽ ബന്ധമുള്ളതായും അതിനാൽ തന്നെ വളരെ സ്വതന്ത്രമായാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് നൽകേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ സൈനിക സഹായം കഴിഞ്ഞയാഴ്ച യു.എസ് നിർത്തിവെച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്തിരുന്നു.
പുതിയ സാഹചര്യം നിലവിലുള്ള നയത്തിൽ മാറ്റമുണ്ടാകുന്നതിെൻറ സൂചനയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്താനെതിരെ കൂടുതൽ കർശനമായ നിലപാടുകൾ ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നാണ് പുതിയ വെളിപ്പെടുത്തൽ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.