ട്രംപിനെതിരെ ലോകത്തിന്റെ രോഷം
text_fieldsവാഷിങ്ടൺ: ആഗോളതാപനം തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സുപ്രധാന കരാറായ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ലോകത്തിെൻറ രോഷവും പ്രതിഷേധവും. അമേരിക്കയുടെ സഖ്യകക്ഷി രാഷ്ട്രങ്ങളും യു.എന്നും കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.
രാജ്യത്തിനകത്തുനിന്നും ട്രംപിനെതിരെ വൻ പ്രതിഷേധമുയരുകയാണ്. ന്യൂയോർക്, കാലിഫോർണിയ, വാഷിങ്ടൺ സംസ്ഥാനങ്ങളുടെ ഡെമോക്രാറ്റിക് ഗവർണർമാർ സംയുക്തമായി ട്രംപിെൻറ തീരുമാനത്തിനെതിരെ രംഗത്തുവന്നു. യു.എസിലെ 61 മേയർമാർ പാരിസ് ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു.
അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് എന്നാരോപിച്ചാണ് ഉടമ്പടിയിൽനിന്ന് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും മലിനീകരണമുണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഉടമ്പടിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അമേരിക്കക്കുവേണ്ടി കൂടുതൽ മികച്ച കരാറിനായി നീക്കം നടത്തുമെന്നും പറഞ്ഞു.
ട്രംപിെൻറ തീരുമാനം നിരാശജനകമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആേൻറാണിയാ ഗുെട്ടറസ് പറഞ്ഞു. ഭാവിയെ തള്ളിക്കളയുന്ന ഒരുകൂട്ടം രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം കൂട്ടുചേർന്നിരിക്കുകയാണെന്ന് ഉടമ്പടി യാഥാർഥ്യമാക്കാൻ നേതൃപരമായ പങ്കുവഹിച്ച യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ പറഞ്ഞു.
അേമരിക്കയുടെ അസാന്നിധ്യത്തിലും മറ്റു രാജ്യങ്ങൾക്ക് ഭാവിതലമുറയെ സംരക്ഷിക്കാനുള്ള ഉടമ്പടിയുമായി മുന്നോട്ടുപോകാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിെൻറ വാർത്തസമ്മേളനം കഴിഞ്ഞയുടൻ, പാരിസ് ഉടമ്പടി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി, ഫ്രാൻസ്, ജർമനി എന്നിവ സംയുക്ത പ്രസ്താവനയിറക്കി.
ഭൂമിയെ അപകടത്തിലാക്കുകയാണ് യു.എസ് എന്ന് ജർമനി പ്രതികരിച്ചു. ട്രംപ് പ്രപഞ്ചത്തോടാണ് തെറ്റുചെയ്തിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ എന്നിവരും തീരുമാനത്തെ വിമർശിച്ചു. ഗൂഗ്ൾ, ഇൻറൽ, മൈക്രോസോഫ്റ്റ്, അഗ്രോകെമിക്കൽ കമ്പനിയായ ഡുപോൻറ് തുടങ്ങിയവ കരാറിൽനിന്ന് പിന്മാറരുതെന്ന് ട്രംപിനോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.