വെനിസ്വേലയിലെ എണ്ണക്കമ്പനിക്ക് യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: വെനിസ്വേലക്ക് പ്രതിവർഷം 1100 കോടി ഡോളർ വരുമാനം നേടിക്കൊടുക്കുന്ന എണ്ണക്കമ്പനിക്ക് ഉപരോധമേർപ്പെടുത്തി യു.എസ്. പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോയെ അംഗീകരിച്ചതിനു പിന്നാലെ, വെനിസ്വേലയുടെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നികളസ് മദൂറോയെ അട്ടിമറിക്കാനുള്ള യു.എസിെൻറ നടപടിയുടെ ഭാഗമാണിത്. തിങ്കളാഴ്ച മുതൽ പെട്രോളസ് ഡി വെനിസ്വേല എന്ന എണ്ണക്കമ്പനിയുമായി വ്യാപാരം നടത്തുന്നതിൽനിന്ന് അമേരിക്കൻ കമ്പനികളെ വിലക്കി.
ഉപരോധത്തിനെതിരെ അന്താരാഷ്ട്ര കോടതികളെ സമീപിക്കുമെന്ന് മദൂറോ പറഞ്ഞു. യു.എസിലെ വെനിസ്വേലൻ കമ്പനികളുടെ സ്വത്തുക്കൾ മരവിപ്പിക്കാനും നീക്കമുണ്ട്. 700 കോടി ഡോളറിെൻറ സ്വത്തുവകകൾ മരവിപ്പിക്കുന്നതോടെ അടുത്ത സാമ്പത്തിക വർഷം 1100 കോടി ഡോളറിെൻറ കയറ്റുമതി ഇല്ലാതാക്കാനാണ് യു.എസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആഴ്ചയാണ് 35കാരനായ ഗയ്ദോയെ ട്രംപ് ഭരണകൂടം ഇടക്കാല പ്രസിഡൻറായി അംഗീകരിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിെൻറ അനുയായികൾ പ്രക്ഷോഭം നടത്തുകയും ചെയ്തു. വെനിേസ്വലൻ ജനതയുടെ സ്വത്തുക്കൾ കൊള്ളയടിച്ച് മദൂറോക്ക് അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ട്രഷറി സെക്രട്ടറി സ്റ്റീവൻ നുഷിനും സംയുക്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ജനാധിപത്യപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കാൻ സൈന്യം സഹകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കാനും സാമ്പത്തിക നില ഭദ്രമാക്കാനും ഇടക്കാല പ്രസിഡൻറിനെ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയുൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. യു.എസിന് എണ്ണ നൽകുന്ന നാലു പ്രധാന രാജ്യങ്ങളിലൊന്നാണ് വെനിസ്വേല. വെനിസ്വേലയിൽനിന്ന് പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണയാണ് യു.എസിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. 2018ൽ അത് അഞ്ചുലക്ഷം ബാരൽ ആയി വെട്ടിക്കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.