കിമ്മിനെ പോലെ നിഗൂഢതയിൽ ജീവിക്കുന്നു രിസോലും
text_fieldsപ്യോങ്യാങ്: ലോകത്തിലെ ഏറ്റവും കുപ്രസിദ്ധിയാർജിച്ച ഏകാധിപതി കിം ജോങ് ഉന്നിനെ വിവാഹം കഴിച്ചതോടെ രി സോൽ ജുവിെൻറ ജീവിതം നിഗൂഢതകളുടെ മേലങ്കിക്കുള്ളിലായി. അവരുടെ ജീവിതത്തെക്കുറിച്ച് പുറംലോകം കൂടുതലൊന്നും അറിയില്ല. എന്തിന് പേരുപോലും ശരിക്കുള്ളതാണോ എന്ന് സംശയമുണ്ട്.
ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നാണ് രി സോൽ കിം ജോങ് ഉന്നിെൻറ ജീവിതത്തിലേക്കു വന്നതെന്ന് ചിലർ പറയുന്നു. എന്നാൽ, ഒരു സാധാരണ കുടുംബത്തിൽനിന്നാണെന്നും പറച്ചിലുണ്ട്. ഉ.കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. നന്നായി പാടാനറിയാം. പാട്ടു പഠിച്ചിട്ടുണ്ടെന്ന് 2005ൽ എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി സ്വന്തം രാജ്യത്തെ ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനായി ദക്ഷിണ കൊറിയയിൽ പോയിട്ടുണ്ട്. ഇവർ ഒരു പോപ് താരമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2012ൽ പ്യോങ്യാങ്ങിൽ നടന്ന പരിപാടിയിലാണ് കിമ്മിനൊപ്പം രി സോൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇടക്കിടെ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു.
മാസങ്ങൾക്കകം പിതാവിെൻറ മരണത്തോടെ രാജ്യത്തിെൻറ ഭരണം കിം ഏറ്റെടുത്തു. വൈകാതെ തന്നെ സോൽ ജീവിതസഖിയുമായി. നേരത്തെ മറ്റൊരു ഗായികയുമായും കിമ്മിനു ബന്ധമുണ്ടായിരുന്നു. സ്വിറ്റ്സർലൻഡിലെ സ്കൂൾ കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ, കിമ്മിെൻറ പിതാവ് കിം ജോങ് ഇൽ ഇടപെട്ട് അത് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, അതേ പെൺകുട്ടിതന്നെയാണ് രി സോൽ എന്നും അഭ്യൂഹങ്ങളുണ്ട്.
2012ൽ രിയെ കിം വിവാഹം കഴിച്ചതായി ഉത്തരകൊറിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ആ വർഷം നടന്ന പൊതുപരിപാടികളിൽ അവരും കിമ്മിനൊപ്പം സജീവമായുണ്ടായിരുന്നു. വസ്ത്രധാരണ രീതിക്ക് കൃത്യമായ പെരുമാറ്റച്ചട്ടമുള്ള രാജ്യത്ത് രി തനതു പാശ്ചാത്യ രീതിയിലുള്ള ഫാഷൻ വസ്ത്രങ്ങളാണ് അണിഞ്ഞത്. രാജ്യം കൊടുംപട്ടിണിയിൽ വലഞ്ഞ വർഷം രിം കൈയിൽ കൊണ്ടുനടന്ന ബാഗിെൻറ വില 1700 ഡോളർ ആയിരുന്നു.
പെെട്ടന്ന് പൊതുയിടങ്ങളിൽനിന്നും രി സോൽ അപ്രത്യക്ഷമായത് ആളുകളിൽ സംശയം ജനിപ്പിച്ചു. കിം അവരെ കൊന്നുകളഞ്ഞിട്ടുണ്ടാവുമെന്നു വരെ വാർത്തകൾ പരന്നു.
സ്വന്തം അമ്മാവനെവരെ കൊലപ്പെടുത്തിയ മനുഷ്യനാണല്ലോ. എന്നാൽ, മാസങ്ങൾക്കു ശേഷം അവർ തിരിച്ചുവന്നു. പ്രഥമവനിതയെന്ന നിലയിൽ കർത്തവ്യനിരതയായി. കുട്ടിയുണ്ടെന്ന വിവരം ദക്ഷിണ കൊറിയൻ മാധ്യമങ്ങളാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അക്കഥ ശരിയെന്നു പിന്നീട് തെളിഞ്ഞു. അതിനു ശേഷവും കുറെക്കാലം അവർ ആളുകളിൽനിന്ന് വിട്ടുനിന്നു. പ്രസവിക്കാൻ പോയതാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചു. ഇക്കാര്യങ്ങളൊക്കെ ഉത്തരകൊറിയ രഹസ്യമാക്കി വെക്കുന്നതെന്തിനാവുമെന്ന് ചിന്തിച്ച് തലപുണ്ണാക്കുകയാണ് ലോകം. എന്തായാലും കിമ്മിനെപ്പോലൊരാളുടെ കൂടെ ജീവിക്കുന്നതിന് രിസോലിനെ അവർ സമ്മതിച്ചുകൊടുത്തിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.