കോവിഡിനെ പറ്റി വിവരം നൽകി ലോകത്തെ സഹായിച്ച പ്രഫസറുടെ ലാബ് ചൈന പൂട്ടിച്ചു-വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: വൂഹാൻ നഗരത്തിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ചൈന അതിനെ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് വൈറ്റ്ഹൗസ്. വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ ഷാങ്ഹായിയിലെ പ്രഫസർ വെളിപ്പെടുത്തുന്നതു വരെ ചൈന അത് മറച്ചുവെച്ചു. പ്രതികാര നടപടിയായി പിറ്റേന്നുതന്നെ പ്രഫസറുടെ ലാബ് പൂട്ടിച്ചു. ലോകാരോഗ്യ സംഘടനയും ചൈനയുടെ പക്ഷം ചേർന്ന് ലോകത്തെ കബളിപ്പിച്ചു. സുപ്രധാന സമയത്ത് യു.എസ് അന്വേഷക സംഘത്തെ കടത്തിവിട്ടതുമില്ല. ചൈനയുടെ വഞ്ചനക്ക് ഇതിൽ പരം എന്തുതെളിവു വേണമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.എസ് സംഘത്തിെൻറ അന്വേഷണം ചൈന തടഞ്ഞത് രഹസ്യമൊന്നുമല്ല. ഡിസംബർ 31ന് വൈറസ് എളുപ്പം മനുഷ്യർക്കിടയിൽ പകരുമെന്ന് തായ്വാൻ അധികൃതർ മുന്നറിയിപ്പു നൽകി. എന്നാൽ ജനുവരി ഒമ്പതിനു പോലും വൈറസ് പെട്ടെന്ന് മനുഷ്യർക്കിടയിൽ പകരില്ലെന്ന ചൈനയുടെ വാദം ഏറ്റുപിടിക്കുകയായിരുന്നു തുടക്കത്തിൽ ലോകാരോഗ്യസംഘടന. അവർക്ക് ഞങ്ങൾ പ്രതിവർഷം 50 കോടി ഡോളറാണ്നൽകുന്നത്. ചൈന നാലുകോടിയും. എന്നിട്ടും യു.എൻ സംഘടന അവരുടെ പക്ഷം ചേർന്നു. ജനുവരി 14നും സംഘടന ഇത് ആവർത്തിച്ചു. അതേമാസം 22ാം തിയതി ലോകാരോഗ്യ സംഘടന ചൈനീസ് പ്രസിഡൻറിനെ പ്രകീർത്തിക്കുന്നതും ലോകം കണ്ടു. ഫെബ്രുവരിയായപ്പോഴേക്കും വൈറസ് ലോകം മുഴുവൻ പടർന്നു. പ്രതിരോധമാർഗമായി യാത്രവിലക്ക് ഏർപ്പെടുത്തിയപ്പോൾ യു.എസിനെ വിമർശിക്കാനാണ് അപ്പോഴും അവർ ശ്രമിച്ചത്. -പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.
വൈറസ് വ്യാപനം തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്നാരോപിച്ച് ജർമനി, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും രംഗത്തുവന്നിരുന്നു. ലോകം മുഴുവൻ വൈറസ് പരത്തിയ ചൈനക്കെതിരെ തീരുവ അടക്കമുള്ള നടപടികൾ ചുമത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം സൂചനനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.