ഷെറിൻ മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴെന്ന് കുറ്റസമ്മതം
text_fieldsഹ്യൂസ്റ്റൻ: കാണാതായ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിെൻറ മൃതദേഹം കണ്ടെടുത്തതിനുപിറകെ വളർത്തച്ഛൻ മലയാളിയായ വെസ്ലി മാത്യൂസിനെ അമേരിക്കൻ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തേ കുട്ടിയെ കാണാതായതിനെതുടർന്ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിലായിരുന്നു.
അതേസമയം, വീടിന് ഒരുകിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്ന് ഞായറാഴ്ച പൊലീസ് കണ്ടെടുത്ത മൃതദേഹം ഷെറിേൻറതാണെന്ന് വിദഗ്ധ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
ഈമാസം ഏഴിന് വടക്കൻ ടെക്സസിൽ റിച്ചാർഡ്സണിലെ വീട്ടിൽനിന്നാണ് കുഞ്ഞിനെ കാണാതായത്. പാലുകുടിക്കാത്തതിന് പുലർച്ച മൂന്നോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയപ്പോള്‍ കാണാതായെന്നാണ് വെസ്ലി മാത്യൂസ് ആദ്യം പൊലീസിന് മൊഴിനൽകിയത്.
എന്നാൽ, നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴാണ് ഷെറിൻ മരിച്ചതെന്നാണ് വെസ്ലിയുടെ പുതിയ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നുകരുതി ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ മാരകമായി പരിക്കേൽപ്പിച്ചതുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ്. അഞ്ചുമുതൽ 99 വരെ വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മാത്യൂസ് ഇപ്പോൾ റിച്ചാർഡ്സൺ ജയിലിലാണ്. വിശദ റിപ്പോർട്ട് ലഭിച്ചശേഷം കൊലപാതകമടക്കമുള്ള വകുപ്പുകളും ചുമത്തിയേക്കും.
എറണാകുളം സ്വദേശി വെസ്ലി മാത്യൂസും ഭാര്യ സിനിയും രണ്ടുവർഷം മുമ്പാണ് ബിഹാറിലെ അനാഥാലയത്തിൽനിന്ന് ഷെറിനെ ദത്തെടുത്തത്. കുഞ്ഞിന് വളർച്ചക്കുറവും സംസാരവൈകല്യവുമുള്ളതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇവരുടെ നാലുവയസ്സുകാരിയായ സ്വന്തം കുഞ്ഞിനെ ശിശുസംരക്ഷണസമിതിക്കാരുടെ പക്കലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.