അസാൻജെക്കെതിരെയുള്ള ബലാൽസംഗകേസ് അവസാനിപ്പിച്ചതായി സ്വീഡൻ
text_fields
സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരായ പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ സ്വീഡൻ തീരുമാനിച്ചു. ഇതേതുടർന്ന് അസാൻജിനെതിരായ അറസ്റ്റ് വാറൻറ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് പ്രോസിക്യൂഷൻ ഡയറക്ടർ മരിയാനെ നി സ്റ്റോക്ഹോം ജില്ല കോടതിയിൽ ഹരജി നൽകി.
ഏഴു വർഷം നീണ്ട നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്. 2012 മുതൽ ലണ്ടനിലെ എക്വഡോർ എംബസിയിൽ കഴിയുകയാണ് 45കാരനായ അസാൻജ്. ചിരിച്ചുകൊണ്ടിരിക്കുന്ന തെൻറ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് വാർത്തകളോട് അസാൻജ് പ്രതികരിച്ചത്.
നാടുകടത്തൽ ഭീഷണി ഒഴിഞ്ഞതിനെ തുടർന്ന് അസാൻജിന് ഇനി എക്വഡോർ എംബസിയിൽനിന്നു പുറത്തിറങ്ങാം. എന്നാൽ, യു.എസിലേക്കു നാടുകടത്തില്ലെന്ന് ഉറപ്പുകിട്ടിയാലേ എംബസിയിൽനിന്നു പുറത്തിറങ്ങൂവെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു. പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ അസാൻജിന് എക്വഡോർ എംബസിയിൽനിന്ന് പുറത്തിറങ്ങാമെന്ന് ലണ്ടൻ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ജാമ്യ നിബന്ധനകൾ ലംഘിച്ച് എംബസിയിൽ അഭയം തേടിയതിനാൽ പുറത്തിറങ്ങിയാൽ ഉടൻ അസാൻജിനെ അറസ്റ്റ് ചെയ്യാനും വകുപ്പുണ്ടെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നൂറുകണക്കിന് യു.എസ് സൈനിക-നയതന്ത്ര രഹസ്യരേഖകൾ ചോർത്തിയ കേസിലും വിചാരണ നേരിടുകയാണ് അസാൻജ്. അതിനാൽ ഏതുനിമിഷവും തന്നെ സ്വീഡൻ, യു.എസ് സർക്കാറിന് കൈമാറുമെന്ന ഭയപ്പാടിലാണ് കഴിയുന്നത്. അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നടത്തിയ സൈനിക നീക്കങ്ങളുടെ രേഖകളും ചോർത്തിയതിൽ പെടുന്നു.
എത്രയും പെെട്ടന്ന് അസാൻജ് എക്വഡോർ എംബസി വിടുമെന്ന് വിക്കിലീക്സ് അറിയിച്ചിരുന്നെങ്കിലും മറ്റു കേസുകളിൽ അറസ്റ്റ് വാറൻറ് നിലനിൽക്കുന്നതിനാൽ അത് സാധ്യമാകില്ലെന്നാണ് ലണ്ടൻ പൊലീസ് പറയുന്നത്. കേസ് വിചാരണവേളകളിൽ ഹാജരാകാതിരുന്നതിന് പിഴയൊടുക്കേണ്ടിയും വരും.
2010ലാണ് ഇദ്ദേഹത്തിനെതിരെ ആരോപണവുമായി വിക്കിലീക്സ് വളൻറിയർമാരായ രണ്ടു സ്ത്രീകൾ രംഗത്തുവരുന്നത്. സ്റ്റോക്ഹോമിൽ പ്രഭാഷണത്തിനു വന്ന അസാൻജ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ച അസാൻജ് ആരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ഉഭയകക്ഷി പ്രകാരമാണ് ബന്ധം പുലർത്തിയതെന്നും വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.