യു.എസ് കുടിയേറ്റ നയം: വേർപിരിച്ച കുട്ടികളെ 30 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് കോടതി
text_fieldsകാലിഫോർണിയ: കുടിയേറ്റ നിയമത്തിെൻറ പേരിൽ യു.എസ്-മെക്സികോ അതിർത്തിയിൽ പിടിയിലായി മാതാപിതാക്കളിൽനിന്ന് വേർപെടുത്തിയ കുട്ടികളെ 30 ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് കോടതി.
അധികൃതർ കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിന് സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് ഒരു മാസത്തിനകം നടപടി പൂർത്തിയാക്കണമെന്ന് കാലിഫോർണിയ ജഡ്ജി യു.എസ് അതിർത്തി സംരക്ഷണ വിഭാഗത്തോട് ഉത്തരവിട്ടിരിക്കുന്നത്. അഞ്ചു വയസ്സിൽ കുറഞ്ഞ പ്രായമുള്ള കുട്ടികളെ 14 ദിവസത്തിനകം മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്നും പത്തു ദിവസത്തിനകം കുട്ടികൾക്ക് കുടുംബവുമായി ഫോണിൽ സംസാരിക്കാൻ അവസരം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തുന്ന നടപടി നിർത്തിവെക്കാനും ഉത്തരവിൽ പറയുന്നു.
അതിനിടെ, ട്രംപിെൻറ കുടിയേറ്റ നയത്തിൽ അസംതൃപ്തി രേഖപ്പെടുത്തി വിവിധ യു.എസ് സംസ്ഥാനങ്ങളും രംഗത്തെത്തി. ന്യൂയോർക്, കാലിഫോർണിയ അടക്കം 17 സംസ്ഥാനങ്ങൾ വേർപെടുത്തപ്പെട്ട കുട്ടികളെ തിരിച്ചേൽപിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടത്തിെൻറ കുടിയേറ്റ നയത്തിെൻറ ഭാഗമായാണ് 2300ലേറെ കുട്ടികൾ കഴിഞ്ഞ ആഴ്ചകളിലായി മാതാപിതാക്കളിൽനിന്ന് വേർപെടുത്തപ്പെട്ടത്. ഇവരെ പലരെയും കുടുംബാംഗങ്ങളിൽനിന്ന് വളരെ ദൂരെയുള്ള സർക്കാർ കേന്ദ്രങ്ങളിലാണ് താമസിപ്പിച്ചത്.
ഇത് അന്താരാഷ്ട്ര തലത്തിലും രാജ്യത്തും കനത്ത പ്രതിഷേധം ഉയർത്തിയതോടെ നിലപാടിൽനിന്ന് ട്രംപ് പിന്മാറി. കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തുന്നത് അവസാനിപ്പിക്കാനുള്ള ഉത്തരവിൽ കഴിഞ്ഞ ആഴ്ച പ്രസിഡൻറ് ഒപ്പിടുകയും ചെയ്തു. എന്നാൽ, ഇൗ പ്രക്രിയ ഇതുവരെ പകുതിപോലും പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.