ഡീസൽവില വർധന: ബ്രസീലിൽ ട്രക്ക് സമരം ഒമ്പതാം ദിവസത്തിലേക്ക്
text_fieldsറിയോ ഡി ജനീറോ: ലാറ്റിനമേരിക്കയുടെ സാമ്പത്തിക ഹബ് ആയ ബ്രസീലിൽ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് നടക്കുന്ന വാഹനപണിമുടക്ക് ഒമ്പതാം ദിവസവും തുടരുന്നു.
കഴിഞ്ഞദിവസം ചർച്ചയിലൂടെ സമരം അവസാനിപ്പിക്കുമെന്നും ഡീസൽ വില കുറക്കുമെന്നും ബ്രസീൽ പ്രസിഡൻറ് മിഷേൽ ടെമർ അറിയിച്ചിരുന്നു. ട്രക്ക് ഉടമകൾ ഉന്നയിച്ച ഏതാനും ആവശ്യങ്ങൾകൂടി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തെ തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി. ട്രക്കുകൾ പണിമുടക്കിയതോടെ രാജ്യത്ത് ചരക്കുനീക്കം പൂർണമായും സ്തംഭിച്ചു. ലിറ്ററിന് 0.46 റിഎയ്സ് (ബ്രസീൽ കറൻസി) കുറക്കുമെന്നാണ് പ്രഖ്യാപിച്ചത്.
സമരത്തിൽ പങ്കെടുക്കുന്ന ട്രക്കുകൾ പിടിച്ചെടുക്കാനാണ് അധികൃതരുടെ നീക്കം. ദേശീയപാതകളിൽ ട്രക്കുകൾ പാർക്ക് ചെയ്ത് ഉപരോധിച്ചിരിക്കുകയാണ്. അവ നീക്കംചെയ്യാൻ പ്രസിഡൻറ് സൈന്യത്തിന് ഉത്തരവു നൽകി.വിമാനത്താവളങ്ങളും ഗ്യാസ് സ്റ്റേഷനുകളും ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ചു.
ഗതാഗതം, മാലിന്യനീക്കം തുടങ്ങിയ പൊതുസംവിധാനങ്ങളും മിക്കയിടങ്ങളിലും തടസ്സപ്പെട്ടു. കടകളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങൾ തീർന്നു. ആശുപത്രികളിൽ പോലും അവശ്യവസ്തുക്കൾ കിട്ടാനില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. തീറ്റ കിട്ടാനില്ലാതെ 100 കോടി പക്ഷികളും രണ്ടുകോടി പന്നികളും ചത്തൊടുങ്ങുമെന്ന് ബ്രസീലിലെ മാംസവ്യാപാര മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.