ആഗോളതലത്തിൽ ഒറ്റപ്പെട്ട് ട്രംപ്
text_fieldsവാഷിങ്ടൺ: വ്യക്തിപരമായ താൽപര്യങ്ങൾക്കുവേണ്ടി ഇറാനുമായുള്ള ആണവ കരാറിൽനിന്ന് പിൻവാങ്ങുകവഴി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലോകത്തിനു മുന്നിൽ ഒറ്റപ്പെട്ടു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ സഖ്യരാജ്യങ്ങളും യൂറോപ്യൻ യൂനിയനും ചൈനയെയും റഷ്യയെയുംപോലുള്ള എതിർചേരികളും ട്രംപിനെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണ്. പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനും ആണവായുധങ്ങളുടെ പെരുകലിനും ഇടയാക്കുന്നതാണ് ട്രംപിെൻറ തീരുമാനമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ, അന്താരാഷ്ട്രതലത്തിൽ യു.എസിനെ ഒറ്റപ്പെടുത്തുന്ന നീക്കമാണിതെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടി.
ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കാനുള്ള യു.എസിെൻറ ഏകപക്ഷീയ തീരുമാനം സഖ്യരാജ്യങ്ങളുടെ പിന്തുണയില്ലാത്തതിനാൽ എത്രത്തോളം വിജയിക്കുമെന്ന ചോദ്യവും ബാക്കിയാണ്.ഉപരോധം വരുന്നയോടെ യൂറോപ്പും ചൈനയും റഷ്യയും ഇറാനൊപ്പം നിന്ന് കരാർ സംരക്ഷിക്കാനും സാമ്പത്തികബന്ധം നിലനിർത്താനും ശ്രമിക്കും. അതുവഴി ലോകം ഇരു ചേരികളായി വിഭജിക്കപ്പെടുമെന്നാണ് ആണവായുധ നിരായുധീകരണ വിദഗ്ധരുടെ പക്ഷം. അതിനിടെ, കരാർ ഉപേക്ഷിച്ച് ആണവായുധനിർമാണം പുനരാരംഭിക്കാനും സാധ്യതയുണ്ടെന്ന് ആണവായുധ നിർമാർജനത്തിനായി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ കലുഷിത സാഹചര്യത്തിൽ ഇറാൻ ഭരണകൂടം യു.എസുമായി അനുരഞ്ജനത്തിലെത്താനുള്ള സാധ്യത കുറവാണെന്ന് ആംസ് കൺട്രോൾ അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ദരിൽ കിംബാൽ വിലയിരുത്തി.
അതിനിടെ, ഇറാൻ പൂർണമായും കരാർ പാലിച്ചതായി യു.എൻ ആണവ നിരീക്ഷണ സംഘം സ്ഥിരീകരിച്ചു. കരാർ പ്രാബല്യത്തിലായതു മുതൽ ഇറാനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും നിയമലംഘനങ്ങളുണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.