അവർ മാധ്യമപ്രവർത്തകരല്ല; കള്ളൻമാർ -പുലിറ്റ്‌സർ ജേതാക്കൾക്കെതിരെ ട്രംപ്
text_fieldsവാഷിങ്ടൺ: പുലിറ്റ്‌സർ ജേതാക്കളായ മാധ്യമപ്രവർത്തകർക്കെതിരെ കടുത്ത അധിക്ഷേപവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്്. അവർ മാധ്യമപ്രവർത്തകരല്ല കള്ളൻമാരാണെന്നും സമ്മാനം തിരികെ കൊടുക്കണമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ട്രംപ് ആവശ്യപ്പെട്ടു.
2016 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന അന്വേഷണാത്മക റിപ്പോർട്ടിന് പുലിറ്റ്‌സർ നേടിയവെരയാണ് ട്രംപ് അധിക്ഷേപിച്ചത്. “അവർ പത്രപ്രവർത്തകരല്ല. കള്ളന്മാരാണ്. പുലിറ്റ്‌സർ നേടിയ എല്ലാ പത്രപ്രവർത്തകരും ആ സമ്മാനങ്ങൾ തിരികെ നൽകാൻ നിർബന്ധിതരാകണം. കാരണം അവരുടെ റിപ്പോർട്ടെല്ലാം തെറ്റായിരുന്നു. തെരഞ്ഞെടുപ്പിൽ റഷ്യയുമായി യാതൊരു ബന്ധവുമില്ലെന്നതിന് കൂടുതൽ രേഖകൾ പുറത്തുവന്നിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.
റഷ്യൻ നയതന്ത്രജ്ഞനുമായുള്ള ബന്ധത്തിെൻറ പേരിൽ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിന്നിനെതിരായ ക്രിമിനൽ കേസ് ഉപേക്ഷിക്കാൻ യു.എസ് നീതിന്യായ വകുപ്പ് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിെൻറ പ്രതികരണം.
റഷ്യയുമായി കൂട്ടുകെട്ട് ഉണ്ടായിരിന്നുവെന്നത് തെറ്റാണെന്ന് ട്രംപ് പറഞ്ഞു. ആ കഥ പൂർണമായും തെറ്റായതിനാൽ പത്രങ്ങൾക്ക് അവാർഡ് ലഭിക്കുന്നത് അപമാനകരമാണ്. ‘അത് വ്യാജ വാർത്തയായിരുന്നു, പുലിറ്റ്‌സർ സമ്മാനങ്ങൾ ഉടനടി തിരികെ നൽകണം. തെറ്റായ വാർത്തക്ക് ലഭിച്ച പുലിറ്റ്‌സർ തിരികെ നൽകാത്തത് അപമാനമാണ്”അദ്ദേഹം പറഞ്ഞു.
ഫ്ലിൻ നിഷ്കളങ്കനാണെന്നും മികച്ച യോദ്ധാവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഫ്ലിന്നിന് സംഭവിച്ചത് ഇനി ഒരിക്കലും ആവർത്തിക്കരുത്. ഗൂഡാലോചനക്ക് പിന്നിൽ ഒബാമ ഭരണകൂടമാണ്. അവർ ചെയ്തത് അപമാനകരമാണ്. വലിയ വില നൽകേണ്ടി വരും-ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.